ഗാസ – മധ്യ ഗാസ മുനമ്പിലെ അല്‍സവായ്ദ നഗരത്തിന് സമീപം പോലീസ് വാഹനം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സെന്‍ട്രല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആഭ്യന്തര, ദേശീയ സുരക്ഷാ മന്ത്രാലയം അറിയിച്ചു. അല്‍സവായ്ദ പട്ടണത്തിന്റെ പ്രവേശന കവാടത്തിനടുത്തുള്ള സ്വലാഹുദ്ദീന്‍ സ്ട്രീറ്റില്‍ പോലീസ് വാഹനം ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിലൂടെ സെന്‍ട്രല്‍ ഗവര്‍ണറേറ്റിലെ ഇന്റര്‍വെന്‍ഷന്‍ പോലീസ് ഡയറക്ടര്‍ കേണല്‍ ഇയാദ് അബൂയൂസഫിനെയും മറ്റ് ഏഴ് പോലീസ് ഉദ്യോഗസ്ഥരെയും ഇസ്രായില്‍ സേന കൊലപ്പെടുത്തിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലെ അല്‍സവാര്‍ഹ പ്രദേശത്തുണ്ടായ ഇസ്രായിലി വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കമാല്‍ അയ്യാശ്, ഭാര്യ ഹലീമ അയ്യാശ്, മകന്‍ അഹ്‌മദ് അയ്യാശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസില്‍ നേരത്തെ ഉണ്ടായ പരിക്കുകള്‍ മൂലം വാഫി ത്വലാല്‍ ഇബ്രാഹിം അല്‍ദസൂഖിയും മരിച്ചു.
ഗാസ സിറ്റി, ഖാന്‍ യൂനിസ്, നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പ് എന്നിവയുള്‍പ്പെടെ ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ പത്ത് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 72,239 ആയതായും 1,71,861 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.



