വാഷിംഗ്ടണ്‍ – പടിഞ്ഞാറന്‍ ഇറാഖില്‍ യു.എസ് വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചു. വിമാനത്തില്‍ ആകെ ആറു സൈനികരാണുണ്ടായിരുന്നത്. ശേഷിക്കുന്ന രണ്ടു പേര്‍ക്കായി തിരച്ചിലുകള്‍ തുടരുകയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
അമേരിക്കന്‍ വിമാനം ഇറാന്‍ അനുകൂല പോരാളി ഗ്രൂപ്പുകള്‍ മിസൈലുകള്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തിയതായും വിമാനത്തിലെ ജീവനക്കാര്‍ കൊല്ലപ്പെട്ടതായും ഇറാനിലെ ഖാതം അല്‍അന്‍ബിയ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്സിനെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആകാശത്തു വെച്ച് യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറക്കുന്ന ബോയിംഗ് കെസി-135 സ്ട്രാറ്റോടാങ്കര്‍ ഇനത്തില്‍ പെട്ട വിമാനം നഷ്ടപ്പെട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചതിന് പിന്നാലെയാണ് വിമാനം ഇറാന്‍ അനുകൂല പോരാളി ഗ്രൂപ്പുകള്‍ തകര്‍ത്തതായി ഇറാന്‍ അറിയിച്ചത്.
ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്കിടെ സൗഹൃദ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലാണ് സംഭവം നടന്നത്. രണ്ട് വിമാനങ്ങള്‍ അപകടത്തില്‍ പെട്ടു. ഇതില്‍ പെട്ട ഒന്ന് പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്നുവീണു. രണ്ടാമത്തേത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇത് ശത്രുതാപരമോ സൗഹൃദപരമോ ആയ വെടിവെപ്പിന്റെ ഫലമല്ല എന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ഇറാനുമായുള്ള യു.എസ്-ഇസ്രായില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം തകര്‍ന്നുവീഴുന്ന നാലാമത്തെ യു.എസ് സൈനിക വിമാനമാണിത്. കുവൈത്ത് ആകാശത്തു വെച്ച് സൗഹൃദപരമായ (അബദ്ധത്തിലുള്ള) വെടിവെപ്പില്‍ മൂന്ന് എഫ്-15 യുദ്ധവിമാനങ്ങള്‍ നേരത്തെ തകര്‍ന്നിരുന്നു. ഇറാന്‍ വിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെട്ട പോരാട്ടത്തിനിടെയാണ് അബദ്ധത്തിലുള്ള വെടിവെപ്പില്‍ മൂന്നു എഫ്-15 വിമാനങ്ങള്‍ തകര്‍ന്നുവീണതെന്ന് യു.എസ് സൈനിക കമാന്‍ഡ് അന്ന് പ്രസ്താവിച്ചു.



