തെല്‍അവീവ് – ഇറാനെയും ഹിസ്ബുല്ലയെയും ഇസ്രായില്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഫെബ്രുവരി 28 ന് ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹു ഈ കാര്യം വ്യക്തമാക്കിയത്. ഇസ്രായിലിന് എതിരായ ആക്രമണത്തിന് ഹിസ്ബുല്ല കനത്ത വില നല്‍കേണ്ടിവരും. ഇസ്രായില്‍ ഇറാനെയും ഹിസ്ബുല്ലയെയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. പുതിയ ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാന്‍ കഴിയില്ല.
ഖാംനഇയുടെയും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിമിന്റെയും ജീവന്‍ ഞാന്‍ ഉറപ്പുനല്‍കില്ല. ഞങ്ങള്‍ എന്താണ് ആസൂത്രണം ചെയ്യുന്നതെന്നോ എന്തുചെയ്യുമെന്നോ ഇവിടെ വെച്ച് ഒരു പ്രത്യേക സന്ദേശം നല്‍കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറാനും ഹിസ്ബുല്ലയും ഒരിക്കല്‍ ഉയര്‍ത്തിയ അതേ ഭീഷണി ഇനി ഉയര്‍ത്തില്ല. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനും ബാസിജ് സേനക്കും ഞങ്ങള്‍ ശക്തമായ പ്രഹരങ്ങള്‍ ഏല്‍പ്പിക്കും. ഇറാന്‍ പഴയതുപോലെയല്ല. ഇറാന്‍ അവരുടെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ ഭൂമിക്കടിയിലേക്ക് മാറ്റുന്നത് തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു.
ഇറാന്റെ ആണവോര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ആണവ ശാസ്ത്രജ്ഞനും മറ്റ് ശാസ്ത്രജ്ഞരും ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഭരണമാറ്റത്തിനുള്ള സാഹചര്യങ്ങള്‍ നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. പക്ഷേ തെരുവിലിറങ്ങേണ്ടത് ഇറാന്‍ ജനതയുടെ ഉത്തരവാദിത്തമാണ്. യുദ്ധം ഭരണകൂടത്തെ താഴെയിറക്കില്ലെന്ന് നെതന്യാഹു സമ്മതിച്ചു.
ഹിസ്ബുല്ലയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് നിങ്ങള്‍ തുടര്‍ന്നാല്‍ നിങ്ങള്‍ തീകൊണ്ട് കളിക്കുകയാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ലെബനീസ് സര്‍ക്കാരിനോട് പറഞ്ഞു. അത് ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള നിങ്ങളുടെ പ്രതിബദ്ധതയുടെ ലംഘനമാണ്. നിങ്ങള്‍ ഹിസ്ബുല്ലയെ നിരായുധീകരിക്കേണ്ട സമയമാണിത്. നിങ്ങള്‍ അങ്ങിനെ ചെയ്തില്ലെങ്കില്‍, ഞങ്ങള്‍ അത് ചെയ്യുമെന്ന് വ്യക്തമാണെന്നും ഞാന്‍ ലെബനീസ് സര്‍ക്കാരിനോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മിക്കവാറും എല്ലാ ദിവസവും താന്‍ സംസാരിക്കാറുണ്ട്. തങ്ങള്‍ എല്ലാ കാര്യങ്ങളും പരസ്പരം തുറന്നുപറയുന്നതായും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ നെതന്യാഹു സംസാരിച്ചുകൊണ്ടിരിക്കെ, ഇറാനില്‍ നിന്ന് വരുന്ന മിസൈലുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി മധ്യ ഇസ്രായിലിന്റെ പല ഭാഗങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി.



