ന്യൂയോര്‍ക്ക് – ഇസ്രായിലും യു.എസുമായുള്ള സംഘര്‍ഷത്തില്‍ ഇറാനില്‍ ഇതുവരെ കുറഞ്ഞത് 1,332 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യു.എന്നിലെ ഇറാന്‍ അംബാസഡര്‍ അമീര്‍ സഈദ് ഇറവാനി പറഞ്ഞു. യു.എസും ഇസ്രായിലും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ മനഃപൂര്‍വ്വം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായും ഇറാന്‍ സിവിലിയന്മാരെയല്ല, സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഇറാന്‍ അംബാസഡര്‍ വാദിച്ചു. അയല്‍ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുന്നില്ല. അയല്‍ രാജ്യങ്ങളില്‍ സൈനികേതര കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്ന ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണ്. ഈ സംഭവങ്ങളില്‍ ചിലത് അമേരിക്കയുടെ പ്രതിരോധ സംവിധാനത്തിന്റെ ഇടപെടലുകള്‍ മൂലമാകാം. അമേരിക്കയുടെ പ്രതിരോധ സംവിധാനത്തിന്റെ ഇടപെടല്‍ മൂലം മിസൈലുകളും ഡ്രോണുകളും ഉദ്ദേശിച്ച സൈനിക ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചിരിക്കാം എന്നാണ് ഞങ്ങളുടെ പ്രാഥമിക വിലയിരുത്തലെന്നും ഇറാന്‍ അംബാസഡര്‍ പറഞ്ഞു.
ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ ആദ്യ ദിവസം അയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിനുശേഷം, ഇറാനില്‍ തെരഞ്ഞെടുക്കുന്ന പുതിയ പരമോന്നത നേതാവ് തനിക്ക് സ്വീകാര്യനായിരിക്കണം എന്ന് ട്രംപ് പറഞ്ഞു. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ തനിക്ക് പങ്കുണ്ടായിരിക്കണമെന്നും ട്രംപ് വ്യാഴാഴ്ച റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയെ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുപോലെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന തത്വങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ഇറവാനി വിശേഷിപ്പിച്ചു. ഇറാന്‍ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് നമ്മുടെ ഭരണഘടനാ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായും വിദേശ ഇടപെടലുകളില്ലാതെ ഇറാനിയന്‍ ജനതയുടെ ഇഷ്ടപ്രകാരവും മാത്രമായിരിക്കും നടക്കുക – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ അഭിപ്രായങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം, നിരവധി രാജ്യങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചതായി ഇറാന്‍ പ്രസിഡന്റ് അറിയിച്ചു. ഇത് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര സംരംഭത്തിന്റെ ആദ്യ സൂചനകളിലൊന്നാണ്. ശനിയാഴ്ച ഇറാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നില്‍ യു.എസ് സേനയാണെന്ന് യു.എസ് അന്വേഷകര്‍ വിശ്വസിക്കുന്നതായും എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും രണ്ട് യു.എസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.



