ന്യൂദൽഹി- മദ്യനയ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിൻ്റെയും ഫെഡറലിസത്തിൻ്റെയും അടിസ്ഥാനത്തിലുള്ള ജനാധിപത്യത്തിൻ്റെ തത്വങ്ങൾക്ക് നേരെയുള്ള അഭൂതപൂർവമായ ആക്രമണമാണെന്നും ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ അറിയിച്ചു.
തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ തകർക്കാനാണ് ഇ.ഡി അടക്കമുള്ള കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള സംവിധാനങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു. എതിരാളികളെ ഒതുക്കാൻ സർക്കർ സംവിധാനങ്ങളെ എങ്ങിനെ ഉപയോഗിക്കാം എന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് തന്റെ അറസ്റ്റെന്നും സുപ്രീം കോടതിയിൽ അദ്ദേഹം ആരോപിച്ചു.
ആം ആദ്മി പാർട്ടി നേതാക്കളെയും ദൽഹി മുഖ്യമന്ത്രി അടക്കമുള്ളവരെയും അറസ്റ്റ് ചെയ്ത് ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിന് നൽകിയ മറുപടിയിലാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്.
പൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് സിറ്റിംഗ് മുഖ്യമന്ത്രിയെ ഇ.ഡി നിയമവിരുദ്ധമായി തിരഞ്ഞെടുത്തെന്ന് കെജ്‌രിവാൾ മറുപടിയിൽ ആരോപിച്ചു. നിയമവിരുദ്ധമായ അറസ്റ്റ് ഹരജിക്കാരൻ്റെ തന്റെ പാർട്ടിക്ക് എതിരായ ഗുരുതരമായ മുൻവിധി ഉണ്ടാക്കുകയും, കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ അന്യായമായ മേൽക്കൈ നൽകുകയും ചെയ്യുമെന്നും കെജ്‌രിവാൾ പറഞ്ഞു.