ബെയ്‌റൂത്ത് – ഹിസ്ബുല്ല പാര്‍ലമെന്ററി ബ്ലോക്ക് തലവനായ മുഹമ്മദ് റഅദ് ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ കൊലപാതകത്തിന് പ്രതികാരമായി ഇസ്രായിലിനെതിരെ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുല്ല നേരത്തെ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ ലെബനോനില്‍ ഇസ്രായില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തി.


ഖാംനഇയുടെ വധത്തിന് പ്രതികാരം ചെയ്യാനായി യുദ്ധത്തില്‍ പ്രവേശിച്ചതായി ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇസ്രായില്‍ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം പ്രഖ്യാപിച്ചു. ലക്ഷ്യമിട്ടവരുടെ ഐഡന്റിറ്റികളോ പേരുകളോ ഇസ്രായില്‍ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. ഇസ്രായില്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ദക്ഷിണ ലെബനോനില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യാന്‍ തുടങ്ങി. ദക്ഷിണ ലെബനോനിലെ 53 ഗ്രാമങ്ങളില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രായില്‍ ആവശ്യപ്പെട്ടു. ഈ ഗ്രാമങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തുമെന്ന് സൈന്യം പറഞ്ഞു.



