ദോഹ– മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ദുബൈ, ദോഹ, മനാമ എന്നീ ഗൾഫ് നഗരങ്ങളിൽ ഞായറാഴ്ച രാവിലെ വീണ്ടും സ്ഫോടനങ്ങൾ നടന്നതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണിത്. ദുബൈയിലും ബഹ്റൈൻ തലസ്ഥാനമായ മനാമയിലും ഖത്തറിലും സ്ഫോടനശബ്ദം കേട്ടതായും ദോഹയുടെ തെക്കൻ ഭാഗത്ത് കറുത്ത പുക ഉയരുന്നതായും എ.എഫ്.പി റിപ്പോർട്ടർമാർ അറിയിച്ചു. ഖത്തറിൽ ഇന്ന് രാവിലെ 11 സ്ഥലങ്ങളിലും സ്ഫോടന ശബ്ദം കേട്ടതായി ഖത്തർ ലിവിങും റിപ്പോർട്ട് ചെയ്തിരുന്നു.
ശനിയാഴ്ച യു.എ.ഇക്ക് നേരെ ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബി വിമാനത്താവളത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുബൈ, കുവൈത്ത് വിമാനത്താവളങ്ങളിലും ആക്രമണമുണ്ടായി. ഖത്തറിന് നേരെ 65 മിസൈലുകളും 12 ഡ്രോണുകളും അയച്ചെങ്കിലും ഭൂരിഭാഗവും തടയാനായതായും എട്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതോടെ ആകെ പരിക്കേറ്റവരുടെ എണ്ണം 16 ആയി.
അബുദാബിയിലെയും ഖത്തറിലെ അൽ ഉദൈദിലെയും യു.എസ് സൈനിക താവളങ്ങളും മനാമയിലെ ഫിഫ്ത് ഫ്ലീറ്റും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ മനാമയിലെ ജനവാസ മേഖലകളിൽ ഡ്രോൺ ശകലങ്ങൾ വീണ് കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടായി. സുരക്ഷാ കാരണങ്ങളാൽ യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ വ്യോമപാത അടച്ചു. കുവൈത്തിലെ ഒരു എയർ ബേസിന്റെ റൺവേയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. യു.എസിന്റെ അടുത്ത സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങളിലെ ഈ ആക്രമണങ്ങൾ പ്രവാസികൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.



