ജിദ്ദ: പരിശുദ്ധ റമദാനിന്റെ ആത്മീയ ചൈതന്യം പകർന്നുനൽകി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്‌താർ സംഗമം സാമൂഹിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉജ്ജ്വല വിളംബരമായി മാറി. സംഗമത്തിൽ ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, മത രംഗങ്ങളിലെ പ്രമുഖരും കെഎംസിസി പ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തോളം പേർ പങ്കെടുത്തു.
വിശാലമായ ഗ്രൗണ്ടിൽ ഒരുക്കിയ സുഫ്രകളിൽ ശുദ്ധജലം, ഈന്തപ്പഴം, പഴവർഗങ്ങൾ, ലബൻ തുടങ്ങി വിവിധങ്ങളായ ഇഫ്‌താർ വിഭവങ്ങൾ അതിഥികൾക്കായി ഒരുക്കിയിരുന്നു. ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരുന്നു ഭക്ഷണ വിതരണ ക്രമീകരണങ്ങൾ നടത്തിയത്.


സികെഎ റസാക്ക് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം വേൾഡ് കെഎംസിസി പ്രസിഡന്റ് കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ആഗോള തലത്തിലേക്ക് കൂടുതൽ വ്യാപിക്കുകയാണെന്ന് കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു.
വിപി മുസ്തഫ സ്വാഗതവും അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു. ചടങ്ങിൽ അഹമ്മദ് പാളയാട്ട്, ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, ബാസിൽ കാസർകോട്, ഇസ്മായിൽ മുണ്ടക്കുളം എന്നിവർ പ്രസംഗിച്ചു.



