വാഴ്സ– കുട്ടികളുടെ മാനസികാരോഗ്യവും ബൗദ്ധിക നിലവാരവും സംരക്ഷിക്കുന്നതിനായി 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുമായി യൂറോപ്യൻ രാജ്യം. മധ്യ യൂറോപ്യൻ രാജ്യമായ പോളണ്ട് ആണ് ഈ നടപടിക്ക് ഒരുങ്ങുന്നത്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നിയമനിർമ്മാണം നടത്തുമെന്ന് പോളണ്ട് വിദ്യാഭ്യാസ മന്ത്രി ബാർബറ നൊവാക്ക അറിയിച്ചു. ബ്ലൂംബെർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായപരിശോധന ഉറപ്പാക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായിരിക്കും. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വൻതുക പിഴ ഈടാക്കാനാണ് സർക്കാർ തീരുമാനം. ഭരണകക്ഷിയായ സിവിക് കോളിഷൻ വെള്ളിയാഴ്ച തന്നെ നിയമത്തിന്റെ കരട് രൂപം അവതരിപ്പിക്കും. 2027-ഓടെ നിയമം രാജ്യത്ത് പൂർണ്ണമായി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യം തകരുന്നതിനൊപ്പം അവരുടെ ബൗദ്ധിക ശേഷിയിൽ വലിയ ഇടിവ് സംഭവിക്കുന്നതായും സർക്കാർ നിരീക്ഷിക്കുന്നു. കമ്പനികൾ അടയ്ക്കേണ്ട പിഴത്തുക സംബന്ധിച്ച ചർച്ചകൾ നിലവിൽ പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയ കുട്ടികളിൽ അടിമത്തം ഉണ്ടാക്കുന്നുവെന്നും അത് ദോഷകരമാണെന്നുമുള്ള പരാതികളെത്തുടർന്ന് ഡെൻമാർക്ക്, ഗ്രീസ്, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഓസ്‌ട്രേലിയ സമാനമായ നിയമം നടപ്പിലാക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാരും കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പരിഗണനയിലാണ്. എന്നാൽ മെറ്റാ, എക്സ് തുടങ്ങിയ യുഎസ് സാങ്കേതിക ഭീമന്മാർ ഇത്തരം നിയന്ത്രണങ്ങൾക്കെതിരെ രംഗത്തുവരാൻ സാധ്യതയുണ്ട്. നേരത്തെ ഓസ്‌ട്രേലിയ നിയന്ത്രണം കൊണ്ടുവന്നപ്പോഴും കമ്പനികൾ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.



