മക്ക – അംഗീകൃത പാക്കേജുകള്‍ പ്രകാരം തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹജ്, ഉംറ മന്ത്രാലയം മൂന്ന് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് താല്‍ക്കാലികമായി പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി. ഈ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ട വിദേശ ഏജന്റുമാര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിയമനടപടി സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉംറ പാക്കേജില്‍ താമസസൗകര്യം രേഖപ്പെടുത്തിയിട്ടും പുണ്യസ്ഥലങ്ങളില്‍ താമസസൗകര്യമില്ലാതെ നിരവധി തീര്‍ഥാടകര്‍ രാജ്യത്ത് എത്തുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇത് തീര്‍ഥാടകര്‍ക്കും പ്രവാചക പള്ളിയിലെ സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും നിര്‍ദേശങ്ങളുടെയും വ്യക്തമായ ലംഘനമാണ്. താമസസൗകര്യം ലഭിക്കാത്ത എല്ലാ തീര്‍ഥാടകര്‍ക്കും താമസ സൗകര്യം ഉറപ്പാക്കാന്‍ നിയമ ലംഘനം നടത്തിയ കമ്പനികളെ നിര്‍ബന്ധിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതും ദൈവത്തിന്റെ അതിഥികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതും ഉറപ്പാക്കുന്ന നിലക്ക് രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി ഉംറ കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.
ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായും, രാജ്യത്തിന്റെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയുടെയും ഉംറ കമ്പനികളും സ്ഥാപനങ്ങളും അംഗീകൃത കരാറുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെയും തുടര്‍ച്ചയായാണ് ഈ നടപടി.
തീര്‍ഥാടകരുടെ അവകാശങ്ങള്‍ക്ക് ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നു. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മറികടക്കാന്‍ കഴിയാത്ത ചുവന്ന വരയാണ്. തീര്‍ഥാടകരുമായുണ്ടാക്കുന്ന കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ പാലിക്കുന്നതിലെ പോരായ്മകളും നിയമ ലംഘനങ്ങളും അനുവദിക്കില്ല. അംഗീകൃത നിയമങ്ങളും നിര്‍ദേശങ്ങളും പൂര്‍ണ്ണമായും പാലിക്കാനും കരാറിലെത്തിയ പ്രോഗ്രാമുകള്‍ക്കനുസൃതമായി സേവനങ്ങള്‍ നല്‍കാനും എല്ലാ ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.



