തെൽ അവീവ്– രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെൽ അവീവ് വിമാനത്താവളത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം ലഭിച്ചു. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. സന്ദർശനത്തിനിടെ ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന നരേന്ദ്ര മോദി, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും. പ്രാദേശികവും ആഗോളവുമായ തന്ത്രപ്രധാന വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായി നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെക്കുറിച്ച് പാർലമെന്റിലെ പ്രസംഗത്തിൽ മോദി പരാമർശിക്കുമോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. എന്നും സത്യത്തിനും നീതിക്കും ഒപ്പം നിന്ന ഇന്ത്യയുടെ പാരമ്പര്യം ചൂണ്ടിക്കാട്ടിയ പ്രിയങ്ക, ഗാസയിലെ സാഹചര്യം മോദി കാണാതെ പോകരുതെന്ന് ഓർമ്മിപ്പിച്ചു.
ഗാസയിലെ ഇസ്രായേൽ അതിക്രമത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ‘ധാർമ്മിക ഭീരുത്വം’ ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടക്കുമ്പോഴും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്.



