കുവൈത്ത് സിറ്റി – ഇരുപതു ലക്ഷം കുവൈത്തി ദീനാര്‍ വില കണക്കാക്കുന്ന സ്വര്‍ണ കട്ടികളും ആഭരണങ്ങളും കവര്‍ന്ന ഏഷ്യന്‍ വംശജനെ കുവൈത്ത് കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ജ്വല്ലറിയില്‍ മാനേജറായി ജോലി ചെയ്യുന്ന വിദേശിയാണ് അറസ്റ്റിലായത്. സ്വര്‍ണ വില കുതിച്ചുയര്‍ന്നതാണ് ജ്വല്ലറിയിലെ തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് വ്യാജ ഇന്‍വോയ്‌സുകള്‍ തയാറാക്കി ആഭരണങ്ങളും സ്വര്‍ണ കട്ടികളും അല്‍പാല്‍പമായി മോഷ്ടിക്കാന്‍ പ്രേരകമായതെന്ന് പ്രതി കുറ്റസമ്മതം നടത്തി.
ഒന്നിലധികം ജ്വല്ലറികള്‍ സ്വന്തമായുള്ള കുവൈത്തി പൗരന്‍ സ്ഥാപനങ്ങളില്‍ കണക്കെടുപ്പ് നടത്തിയപ്പോഴാണ് സ്ഥാപനങ്ങളില്‍ ഒന്നില്‍ 20 ലക്ഷം കുവൈത്തി ദീനാറിന്റെ കുറവുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഉടമ പോലീസില്‍ പരാതി നല്‍കി. അന്വേഷണോദ്യോഗസ്ഥര്‍ ജീവനക്കാരെ ചോദ്യം ചെയ്തപ്പോള്‍ മാനേജര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്ത പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. മോഷണം പോയ മുതലുകള്‍ വീണ്ടെടുക്കാന്‍ സുരക്ഷാ വകുപ്പുകള്‍ ശ്രമം തുടരുകയാണ്.



