കൊച്ചി– ഐഎസ്എല്ലിൽ സ്വന്തം തട്ടകമായ കൊച്ചിയിലും തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.
മത്സരത്തിന്റെ 47-ാം മിനിറ്റിൽ ലാൽ റിൻസുവാല ചാങ്‌ത്തെയാണ് മുംബൈക്കായി വിജയഗോൾ നേടിയത്. ഗോൾ കീപ്പർ അർശ് സിങ്ങിനെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ വലത് മൂലയിലേക്കായിരുന്നു ചാങ്‌ത്തെയുടെ ഷോട്ട്. മത്സരത്തിന്റെ 26-ാം മിനിറ്റിൽ മുംബൈക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി തടഞ്ഞ അർശ് സിങ്ങിന്റെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് തുടക്കത്തിൽ ആശ്വാസമായെങ്കിലും കളി ജയിക്കാൻ അത് മതിയാകുമായിരുന്നില്ല. പെരേര ഡയസിന്റെ കിക്കാണ് അർശ് സിങ് തടുത്തിട്ടത്.
രണ്ടാം പകുതിയിൽ കെവിൻ യോക്ക്, അജ്സൽ, എബിൻദാസ്, മത്യാസ് ഹെർനാണ്ടസ് എന്നിവരെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കിയെങ്കിലും ഗോൾ മടക്കാൻ സാധിച്ചില്ല. രണ്ട് കളികളിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ പോയിന്റ് പട്ടികയിൽ 12-ാം സ്ഥാനത്താണ്. രണ്ട് വിജയങ്ങളോടെ ആറ് പോയിന്റുള്ള മുംബൈ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഫെബ്രുവരി 28-ന് ഇന്റർ കാശിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.



