മദീന – ശൈഖ് സ്വാലിഹ് ബിന്‍ അവാദ് അല്‍മഗാംസിയെ മസ്ജിദുന്നബവി ഇമാമും ഖത്തീബുമായി നിയമിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം മസ്ജിദുന്നബവിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ശൈഖ് സ്വാലിഹ് അല്‍മഗാംസി കിരീടാവകാശിയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ മസ്ജിദുന്നബവി ഇമാമും ഖത്തീബുമായി നിയമിച്ചുകൊണ്ടുള്ള രാജകീയ ഉത്തരവ് പുറത്തുവന്നത്.
പ്രവാചക പള്ളിയിലെ ഇമാമും ഖത്തീബും ആയി നിയമിച്ചുകൊണ്ട് രാജാവ് തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ശൈഖ് സ്വാലിഹ് അല്‍മഗാംസി അഗാധമായ നന്ദി രേഖപ്പെടുത്തി. ഈ നിയമനം ഒരു വലിയ ബഹുമതിയും ഭാരിച്ച ഉത്തരവാദിത്തവുമാണെന്ന് അദ്ദേഹം പറഞ്ഞു.
മദീനയുടെ പടിഞ്ഞാറുള്ള ബദ്‌റിലെ വാദി അല്‍സ്വഫ്‌റായിലെ ഖൈഫ് അല്‍ഹസാമി ഗ്രാമത്തില്‍ 1963 ഒക്ടോബര്‍ 17 നാണ് ശൈഖ് സ്വാലിഹ് അല്‍മഗാംസിയുടെ ജനനം. മദീനയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാല മദീന ശാഖയില്‍ പഠനം നടത്തി അറബി ഭാഷയിലും ഇസ്‌ലാമിക പഠനത്തിലും പ്രാവീണ്യം നേടി.
ഔപചാരിക വിദ്യാഭ്യാസത്തിനു പുറമേ, അദ്ദേഹം പതിവായി പള്ളികളിലെ പണ്ഡിതരുടെ ക്ലാസുകളില്‍ പങ്കെടുക്കുകയും മുഹമ്മദ് അല്‍അമീന്‍ അല്‍ശന്‍ഖീതി, അതിയ്യ മുഹമ്മദ് സാലിം, അബൂബക്കര്‍ അല്‍ജസാഇരി എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ പണ്ഡിതന്മാരുടെ കീഴില്‍ പഠനം നടത്തുകയും ചെയ്തു. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ഉതൈമിന്‍, അബ്ദുല്‍ അസീസ് ബിന്‍ ബാസ് എന്നിവരുള്‍പ്പെടെ നിരവധി പണ്ഡിതന്മാരുമായി അദ്ദേഹം പണ്ഡിത മീറ്റിംഗുകളില്‍ പങ്കെടുത്തു. ഇത് ശൈഖ് സ്വാലിഹ് അല്‍മഗാംസിയുടെ സന്തുലിതമായ പണ്ഡിത വ്യക്തിത്വത്തിന്റെയും അദ്ദേഹത്തിന്റെ അറിയപ്പെടുന്ന മിതമായ രീതിശാസ്ത്രത്തിന്റെയും രൂപീകരണത്തിന് സഹായിച്ചു.
മദീന വിദ്യാഭ്യാസ വകുപ്പ് അറബി ഭാഷാ വകുപ്പ് വിദ്യാഭ്യാസ സൂപ്പര്‍വൈസര്‍ (1992), ഹജ് ഇസ്‌ലാമിക ബോധവല്‍ക്കരണ സമിതി അംഗം (1997), മദീന കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് ഖത്തീബ് (2001), ടീച്ചേഴ്‌സ് കോളേജ് ഫാക്കല്‍റ്റി അംഗം, ഖുബാ മസ്ജിദ് ഇമാമും ഖത്തീബും (2006), സൗദി ടെലിവിഷന്‍ ചാനല്‍ വണ്ണിലെ ഔദ്യോഗിക മുഫ്തി, മദീന ഗവേഷണ, പഠന കേന്ദ്രം ഡയറക്ടര്‍ (2008) എന്നിവ അടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്.



