ജിദ്ദ – സൗദിയില്‍ നിര്‍ധനര്‍ക്ക് പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാനുള്ള സംഭാവന ശേഖരണത്തിലേക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും 15 കോടി റിയാല്‍ സംഭാവന ചെയ്തു. ജൂദ് ഹൗസിംഗ് പ്ലാറ്റ്ഫോമിലൂടെ സംഭാവന നല്‍കി, ഔദാര്യം നമ്മില്‍ നിന്നാണ്, നമ്മുടെ ഉള്ളില്‍ തന്നെ എന്ന ശീര്‍ഷകത്തിലുള്ള കാമ്പെയ്ന്‍ രാജാവും കിരീടാവകാശിയും ഉദ്ഘാടനം ചെയ്തു. അര്‍ഹരായ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ പാപ്പിടം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ദേശീയ ശ്രമങ്ങളെയും സംരംഭങ്ങളെയും പിന്തുണക്കാനുള്ള ഭരണാധികാരികളുടെ പ്രതിബദ്ധത ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.
രാജ്യത്തുടനീളം അര്‍ഹരായ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ദേശീയ സംരംഭങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും തുടര്‍ച്ചയായ പിന്തുണ നല്‍കുന്നതിന് ഭരണാധികാരികള്‍ക്ക് നഗരസഭാ, ഭവനകാര്യ മന്ത്രിയും ഡെവലപ്മെന്റ് ഹൗസിംഗ് ഫൗണ്ടേഷന്‍ (സകന്‍) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ മാജിദ് അല്‍ഹുഖൈല്‍ അഗാധമായ നന്ദി അറിയിച്ചു. മാന്യമായ ഭവനങ്ങള്‍ ലഭ്യമാക്കാനും അര്‍ഹരായ കുടുംബങ്ങളുടെ സ്ഥിരതയും ജീവിത നിലവാരവും വര്‍ധിപ്പിക്കാനും സഹായിക്കുന്ന സാമൂഹിക ദാന സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള ജൂദ് ഹൗസിംഗ് പ്ലാറ്റ്ഫോമിലൂടെ സകന്‍ ഫൗണ്ടേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് രാജാവിന്റെയും കിരീടാവകാശിയുടെയും സംഭാവന മുന്നോട്ട് കൊണ്ടുപോകുമെന്ന് മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു.



