ജിദ്ദ– വിശുദ്ധ റമദാനില്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തുമെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് അറിയിച്ചു. റമദാന്‍ മാസത്തിനായുള്ള ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുടെ പ്രവര്‍ത്തന തയ്യാറെടുപ്പുകള്‍ സൗദി അറേബ്യ റെയില്‍വേയ്‌സ് പൂര്‍ത്തിയാക്കി. ശേഷിയും ദൈനംദിന യാത്രകളുടെ എണ്ണവും വര്‍ധിപ്പിക്കുക, അതുവഴി മക്കക്കും മദീനക്കും ഇടയില്‍ തീര്‍ഥാടകരുടെ ചലനം സുഗമമാക്കുക, പുണ്യമാസത്തില്‍ സുഗമമായ ഗതാഗതത്തിന് പിന്തുണ നല്‍കുക എന്നിവയാണ് ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ റമദാന്‍ പദ്ധതിയുടെ ലക്ഷ്യം.
രണ്ട് പുണ്യനഗരങ്ങള്‍ക്കിടയിലുള്ള യാത്രക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് റമദാനില്‍ 3,662 ലേറെ സര്‍വീസുകള്‍ നടത്തുകയും 17 ലക്ഷത്തിലധികം സീറ്റുകള്‍ ലഭ്യമാക്കുകയും ചെയ്യും. മക്കക്കും മദീനക്കും ഇടയില്‍ പ്രതിദിനം നൂറിലേറെ സര്‍വീസുകള്‍ നടത്തും. ഉയര്‍ന്ന പ്രവര്‍ത്തന സുസജ്ജതയും, നമസ്‌കാര സമയങ്ങളുമായും തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ചലനവുമായും ഒത്തുപോകുന്ന നിലക്ക് വഴക്കമുള്ള ഷെഡ്യൂളിംഗും പ്രതിഫലിപ്പിക്കുന്ന നിലക്കാണ് ദൈനംദിന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചര്‍ ട്രെയിനുകളില്‍ ഒന്നാണ് ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയില്‍, മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ, ജിദ്ദ, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലൂടെ 453 കിലോമീറ്റര്‍ ദൂരം കടന്നുപോകുന്നു. ഇത് ഗതാഗത സംവിധാനത്തിന്റെ സംയോജനം വര്‍ധിപ്പിക്കുകയും വേഗത, സുഖസൗകര്യങ്ങള്‍, വിശ്വാസ്യത എന്നിവയില്‍ യാത്രാനുഭവം ഉയര്‍ത്തുകയും ചെയ്യുന്നു.
റമദാനിലേക്കുള്ള പ്രവര്‍ത്തന സന്നദ്ധത മെച്ചപ്പെടുത്തല്‍ സൗദി അറേബ്യ റെയില്‍വേയ്‌സിന്റെ ട്രെയിന്‍നിര വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ്. പ്രവര്‍ത്തന വിപുലീകരണത്തെ പിന്തുണക്കാനും ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശേഷി വര്‍ധിപ്പിക്കാനും പീക്ക് സീസണുകളില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കാനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചുവടുവെപ്പെന്നോണം സ്പാനിഷ് കമ്പനിയായ ടാല്‍ഗോയില്‍ നിന്ന് 20 പുതിയ ട്രെയിനുകള്‍ വാങ്ങാനുള്ള കരാര്‍ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതും സേവന നിലവാരം വര്‍ധിപ്പിക്കുന്നതും വിഷന്‍ 2030 ന്റെയും ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിന്റെയും ലക്ഷ്യങ്ങളുമായി യോജിക്കുന്നതായും സൗദി അറേബ്യ റെയില്‍വേയ്‌സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ റമദാനില്‍ 3,410 സര്‍വീസുകളാണ് മക്കക്കും മദീനക്കും ഇടയില്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ നടത്തിയത്. ഈ സര്‍വീസുകളില്‍ 16 ലക്ഷം സീറ്റുകള്‍ ലഭ്യമായി. ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ 35 ട്രെയിനുകള്‍ സര്‍വീസിന് ഉപയോഗിക്കുന്നു. ഇവയില്‍ 417 സീറ്റുകള്‍ വീതമാണുള്ളത്.



