ന്യൂദൽഹി- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ദൽഹിയിൽ കൂടിക്കാഴ്ച നടത്തി. രാജ്യത്തെ വിവിധ സാമൂഹിക, മാനുഷിക, വിദ്യാഭ്യാസ വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്താരാഷ്ട്ര തലത്തിലെ സമകാലിക സംഭവവികാസങ്ങളും ചർച്ചാവിഷയമായി. ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ കാന്തപുരം നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ ഉന്നയിച്ച ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിശുദ്ധ റമളാൻ സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.
മർകസിന്റെയും ജംഇയ്യത്തുൽ ഉലമയുടെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതാണെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം മാനവ വികസനത്തിന് നൽകേണ്ട പരിഗണന, വിഭവങ്ങൾ ജനസംഖ്യാനുപാതികമായി ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയും ചർച്ചയിൽ വന്നു. വഖ്ഫ്-എസ്.ഐ.ആർ വിഷയങ്ങളിലെ ആശങ്കകൾ, പുരാതന മസ്ജിദുകളും പൈതൃക സ്മാരകങ്ങളും സംരക്ഷിക്കൽ, മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള പദ്ധതികളുടെ പുനഃസ്ഥാപനം, ബറേലി സംഭവത്തിൽ ഉൾപ്പെടെ നിരപരാധികൾക്ക് നീതി ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾ കാന്തപുരം ഉന്നയിച്ചു.


ഉത്തരേന്ത്യയിലെ ഇസ്‌ലാമിക് സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുക, ദക്ഷിണേന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ്, അലിഗഢ് സർവകലാശാല മലപ്പുറം സെന്റർ വികസനം എന്നിവയും സംസാരവിഷയമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്.വൈ.എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.



