ബെർലിൻ– പ്രശസ്ത ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയ് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ബെർലിനാലെ) നിന്ന് പിന്മാറി. ഗാസ വിഷയത്തിൽ ചലച്ചിത്ര മേളയുടെ ജൂറിയും ജൂറി പ്രസിഡന്റ് വിം വെൻഡേഴ്സും നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അവർ അറിയിച്ചു.
ഒരു വാർത്താ സമ്മേളനത്തിനിടെ ഗാസയിലെ സംഘർഷത്തെക്കുറിച്ച് ചലച്ചിത്ര മേളയുടെ നിലപാട് ജൂറി അംഗങ്ങളോട് ചോദിച്ചിരുന്നു. ഉക്രൈനിലെയും ഇറാനിലെയും ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന മേള, പലസ്തീനികളോട് അത് കാണിക്കുന്നില്ലെന്ന് ഒരു മാധ്യമപ്രവർത്തകൻ ആരോപിച്ചു. ഇതിന് മറുപടിയായി, “ഞങ്ങൾക്ക് രാഷ്ട്രീയത്തിന്റെ മേഖലയിലേക്ക് കടക്കാൻ കഴിയില്ല” എന്നും ചലച്ചിത്ര പ്രവർത്തകർ രാഷ്ട്രീയത്തിന് ഒരു ബദൽ മാത്രമാണെന്നും ജൂറി പ്രസിഡന്റ് വിം വെൻഡേഴ്സ് പ്രതികരിച്ചു.
കല രാഷ്ട്രീയമാകരുത് എന്ന ജൂറിയുടെ നിലപാട് തന്നെ ഞെട്ടിച്ചുവെന്ന് അരുന്ധതി റോയ് പ്രസ്താവനയിൽ പറഞ്ഞു.
“മാനവരാശിക്കെതിരെയുള്ള ഒരു കുറ്റകൃത്യം നമ്മുടെ കൺമുന്നിൽ തത്സമയം നടന്നുകൊണ്ടിരിക്കുമ്പോൾ, അതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഇല്ലാതാക്കാനുള്ള വഴിയാണിത്. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യേണ്ടവരാണ് കലാകാരന്മാരും എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും.” – അരുന്ധതി റോയ് പ്രതികരിച്ചു.
അരുന്ധതി റോയ് തിരക്കഥയെഴുതിയ 1989-ലെ ‘ഇൻ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വൺസ്’ (In Which Annie Gives It Those Ones) എന്ന സിനിമയുടെ പ്രദർശനത്തിനാണ് അവർ എത്തേണ്ടിയിരുന്നത്. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി ദീർഘകാലമായി നിലകൊള്ളുന്ന വ്യക്തിയാണ് അരുന്ധതി റോയ്. ജൂറിയുടെ പ്രസ്താവനകൾ അങ്ങേയറ്റം ഖേദകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച തന്റെ പബ്ലിഷർ മുഖേന അവർ പിന്മാറ്റം അറിയിച്ചത്.
പലസ്തീൻ വിഷയത്തിൽ ബെർലിൻ ചലച്ചിത്ര മേള സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ ആഗോളതലത്തിൽ തന്നെ വലിയ ചർച്ചകൾക്കാണ് ഈ പിന്മാറ്റം വഴിതുറന്നിരിക്കുന്നത്.



