റിയാദ് – സിവില്‍ ഏവിയേഷന്‍ മേഖലയിലും ആധുനിക ഗതാഗത രീതികളുടെ ഭാവിയിലും പരസ്പര സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. റിയാദില്‍ ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും സ്പെയിനിനെ പ്രതിനിധീകരിച്ച് സ്പാനിഷ് ഗതാഗത, സുസ്ഥിര മൊബിലിറ്റി മന്ത്രി ഓസ്‌കാര്‍ പ്യൂന്റെയും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.


സിവില്‍ ഏവിയേഷന്‍ മേഖലയില്‍ സൗദി അറേബ്യക്കും സ്പെയിനും ഇടയില്‍ സാങ്കേതിക, നിയന്ത്രണ, പ്രവര്‍ത്തന സഹകരണം വികസിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളും ഭാവി ഗതാഗത രീതികളും വികസിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നിവയാണ് മെമ്മോറാണ്ടകളുടെ ലക്ഷ്യം.
വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്താനും വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കാനും വ്യോമ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും യാത്രക്കാരുടെ അനുഭവം വികസിപ്പിക്കാനും ധാരണാപത്രങ്ങള്‍ സഹായിക്കും. മള്‍ട്ടിമോഡല്‍ ഗതാഗതവും വ്യോമ ഗതാഗതവും വികസിപ്പിക്കുന്നതിനൊപ്പം ഡിജിറ്റലൈസേഷന്‍, ഇന്നൊവേഷന്‍, ആധുനിക ഗതാഗത സാങ്കേതികവിദ്യകള്‍, ഭാവി ഗതാഗത രീതികളുമായി ബന്ധപ്പെട്ട നയങ്ങള്‍ എന്നിവയും ധാരണാപത്രങ്ങള്‍ പ്രോത്സാഹിപ്പിക്കും.



