തർൺ തരൺ– പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ കോളേജ് ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനി സഹപാഠിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഉസ്മയിലെ മായി ഭാഗോ ലോ കോളേജിൽ തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒന്നാം വർഷ നിയമ വിദ്യാർത്ഥിനിയായ സന്ദീപ് കൗറാണ് കൊല്ലപ്പെട്ടത്. സന്ദീപിനെ വെടിവെച്ച ശേഷം സഹപാഠിയായ പ്രിൻസ് രാജ് സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിൻസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ക്ലാസുകൾ തുടങ്ങാനിരിക്കെയാണ് സംഭവം നടന്നത്. ബാഗുമായി ക്ലാസ് മുറിയിലേക്ക് എത്തിയ പ്രിൻസ് രാജ്, സന്ദീപ് കൗറിനോടും മറ്റൊരു സഹപാഠിയോടും അല്പനേരം സംസാരിച്ചു. തുടർന്ന് ഇവർ മൂവരും ക്ലാസ് മുറിയുടെ പുറകിലെ സീറ്റുകളിലേക്ക് നീങ്ങി സംഭാഷണം തുടർന്നു. ഇതിനിടയിൽ പെട്ടെന്ന് എഴുന്നേറ്റ പ്രിൻസ്, തന്റെ ബാഗിൽ നിന്നും തോക്കെടുത്ത് സന്ദീപിന്റെ നേരെ വെടിയുതിർക്കുകയായിരുന്നു. സന്ദീപ് ഉടൻ തന്നെ തറയിൽ വീണു മരിച്ചു. തൊട്ടുപിന്നാലെ പ്രിൻസ് സ്വന്തം തലയിലേക്ക് വെടിയുതിർക്കുകയും താഴെ വീഴുകയും ചെയ്തു.
ക്ലാസ് മുറിയിലുണ്ടായിരുന്ന സിസിടിവി ക്യാമറയിൽ കൃത്യത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വെടിയൊച്ച കേട്ട് പരിഭ്രാന്തരായ മറ്റ് വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ നിന്നും ഓടി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സന്ദീപ് കൗറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മല്ലിയൻ സ്വദേശിയാണ് പ്രിൻസ് രാജ്. കൊല്ലപ്പെട്ട സന്ദീപ് കൗർ നൗഷെഹ്‌റ പന്നുവൻ സ്വദേശിനിയാണ്. മകൾ കൊല്ലപ്പെട്ട വിവരമറിഞ്ഞ് കോളേജിലെത്തിയ സന്ദീപിന്റെ മാതാവ് ഹർജീന്ദർ കൗർ, കോളേജ് അധികൃതരുടെ വീഴ്ചയെ ചോദ്യം ചെയ്തു. തോക്കുമായി ഒരു വിദ്യാർത്ഥിക്ക് എങ്ങനെ ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



