ദോഹ– കേരള സംസ്ഥാന സർക്കാരിന്റെ 2021, 2022 വർഷങ്ങളിലെ ഫോട്ടോഗ്രഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2022 ലെ ‘ഡിജിറ്റൽ ജീവിതം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ അനൂപ് കുമാർ പി എ ഒന്നാം സ്ഥാനവും അനിൽ കുമാർ കെ രണ്ടാം സ്ഥാനവും നേടി. ഖത്തറിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഷിറാസ് അബ്ദുള്ളക്ക് (ഷിറാസ് സിതാര) ആണ് മൂന്നാം സ്ഥാനം. സെൽവൻ പൊയ്യ, ഫ്രാൻസിസ് ബേബി, പ്രണവ് കെ പി, ബെന്നി എ ജെ, സുരേഷ് കാമിയോ, റിഷ്ലാൽ ഉണ്ണികൃഷ്ണൻ, സജീവ് വസദനി, സചിൻ തോമസ്, അബ്ദുൾ റഷീദ് എം.യു,സജു നടുവിൽ എന്നിവർക്കാണ് പ്രോത്സാഹന സമ്മാനം.
2021-ൽ ‘നവകേരളം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ സജീവ് വസദനി ഒന്നാം സ്ഥാനം നേടി. രതീഷ്‌കുമാർ എം ജെ രണ്ടാം സ്ഥാനത്തിനും സുരേഷ് കിഴുത്താനി മൂന്നാം സ്ഥാനത്തിനും അർഹരായി. ഇജാസ് പുനലൂർ, ജസ്ന ജനീഷ്, രവീന്ദ്രൻ ബി, പ്രമോദ് കെ, എം എ ലത്തീഫ്, മണികണ്ഠൻ കോലഴി, സുനിൽ പുണർക്ക, നിസാം അമ്മാസ്, ബ്രജേഷ് പി ജി എന്നിവർക്കാണ് പ്രോത്സാഹന സമ്മാനങ്ങൾ.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50000, 30000, 25000 രൂപയും ശിൽപവും പ്രശസ്തിപത്രവും ലഭിക്കും. 2500 രൂപയും പ്രശസ്തിപത്രവുമാണ് പ്രോത്സാഹന സമ്മാനം. സണ്ണി ജോസഫ്, ഇ വി ശ്രീകുമാർ, അനിൽകുമാർ കെ, ഐ പി ആർ ഡി ചീഫ് ഫോട്ടോഗ്രാഫർ വിനോദ് വി എന്നിവരടങ്ങിയ പുരസ്‌കാരനിർണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 5 വൈകിട്ട് 6 ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു



