ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അഭൂതപൂര്‍വമായ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് തുടരുന്നു. ജനുവരിയില്‍ ജിദ്ദ എയര്‍പോര്‍ട്ട് അസാധാരണമായ പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ മാസം മാത്രം 54.5 ലക്ഷം യാത്രക്കാരെ സ്വീകരിച്ച വിമാനത്താവളത്തില്‍, 2025 ജനുവരിയെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 7.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ വിമാന സര്‍വീസുകള്‍ 11 ശതമാനം വര്‍ധിച്ച് 29,200-ല്‍ എത്തുകയും, കൈകാര്യം ചെയ്ത ബാഗേജുകളുടെ എണ്ണം 8 ശതമാനം വര്‍ധനവോടെ 66 ലക്ഷമായി ഉയരുകയും ചെയ്തു. ജനുവരി 11 മുതല്‍ 17 വരെയുള്ള വാരത്തില്‍ 12.8 ലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തത് വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന വാരമായി മാറി. പ്രത്യേകിച്ച്, ജനുവരി 17-ന് മാത്രം 1,95,300 യാത്രക്കാരും 1,089 വിമാന സര്‍വീസുകളും രേഖപ്പെടുത്തിക്കൊണ്ട് വിമാനത്താവളം പുതിയ ചരിത്രം കുറിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസത്തെക്കാള്‍ 10.9 ശതമാനം കൂടുതലാണ്.


2022 മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി, സൗദി വിഷന്‍ 2030-ന്റെയും ദേശീയ ഗതാഗത-ലോജിസ്റ്റിക്‌സ് തന്ത്രത്തിന്റെയും ഭാഗമായി യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്. കഴിഞ്ഞ വര്‍ഷം 5.34 കോടി യാത്രക്കാരെ സ്വീകരിച്ച് സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ച വിമാനത്താവളത്തിന്റെ ഈ വളര്‍ച്ചാ കുതിപ്പ് ആഗോളതലത്തിലെ തന്നെ ശ്രദ്ധേയമായ മുന്നേറ്റമാണ്.



