ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നറിയപ്പെടുന്ന ഇന്ത്യയെ ‘പിന്നിൽ നിന്ന് നയിക്കാൻ’ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ? അതോ ട്രംപിന് മുന്നിൽ മുട്ടുകുത്തി നിന്ന് എല്ലാം അനുസരിക്കുന്ന ഒരു നേതാവാണോ ഇന്ത്യ ഭരിക്കുന്നത്? അമേരിക്കൻ പ്രസിഡന്റ് നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ ഇതിൽ ഒന്ന് സത്യമാണെന്നാണ് ബോധ്യപ്പെടുത്തുന്ന തരത്തിൽ ആണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞദിവസം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വിവരം ലോകത്തെ അറിയിച്ചത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% താരിഫിൽ നിന്നും 18% ആയി കുറച്ചതായി ട്രംപ് ആ പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ബഹുമാനവും സൗഹൃദവും മുൻനിർത്തിയാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.


ഒന്ന് ചികഞ്ഞു നോക്കുമ്പോൾ ആ ‘ബഹുമാനം’ സത്യം തന്നെയാണോ എന്നതിൽ സംശയമുണ്ട്. കാരണം ആ പോസ്റ്റിൽ മറ്റു ചില കാര്യങ്ങളും അമേരിക്കൻ പ്രസിഡന്റ് വെളിപ്പെടുത്തുന്നുണ്ട്. മോദിയുടെ അഭ്യർത്ഥനപ്രകാരമാണ് ഇത്തരമൊരു വ്യാപാര കരാറിന് തയ്യാറായതെന്നാണ് ട്രംപ് പറയുന്നത്. ഒരുപക്ഷേ അത് സത്യം തന്നെയായിരിക്കും. കാരണം അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നികുതികളും വെട്ടിക്കുറച്ച് പൂജ്യം ശതമാനമാക്കിയിട്ടുണ്ട് എന്നതും ട്രംപ് വെളിപ്പെടുത്തുന്നു. കൂടാതെ കാർഷിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ഒട്ടനവധി അമേരിക്കൻ സാധനങ്ങൾ ഇന്ത്യ ഇനി വലിയ തോതിൽ വാങ്ങുമെന്നും ട്രംപ് വെളിപ്പെടുത്തി. ഇതിലൂടെ പ്രതിസന്ധിയിലാവുന്നത് സാധാരണ ചെറുകിട വ്യവസായികളും കർഷകരുമാണ് എന്നതിൽ ആർക്കും സംശയമില്ല; ഒരുപക്ഷേ മോദിക്ക് പോലും ഇത് അറിയാം. ചിലരുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടിയാകും മോദി ട്രംപിന് മുന്നിൽ അടിയറവ് പറഞ്ഞത്.


മാത്രമല്ല, റഷ്യൻ എണ്ണ വാങ്ങില്ലെന്നും മോദി അറിയിച്ചതായി ട്രംപ് വ്യക്തമാക്കുന്നു. പകരം യുഎസ് നിയന്ത്രണത്തിലുള്ള വെനസ്വേലയിൽ നിന്നും ഇന്ധനം വാങ്ങാൻ തീരുമാനിച്ചതായും ട്രംപ് കുറിപ്പിൽ പറയുന്നു. ഒരുപക്ഷേ, സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇന്ത്യയുമായി ആത്മബന്ധം ഉണ്ടായിരുന്ന റഷ്യയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കാൻ വരെ ഈ കരാർ കാരണമാകും.
ബ്രിക്സ്, യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ എന്നിവയിലെല്ലാം മോദിയെ വാനോളം പുകഴ്ത്തിയ പല മാധ്യമങ്ങളും ഇന്ന് ഇതിനെ അറിയാത്ത ഭാവം നടിക്കുന്നു. യൂറോപ്യൻ യൂണിയനുമായി വ്യാപാരക്കരാറിൽ ഏർപ്പെട്ടപ്പോൾ നെറ്റി ചുളിച്ച ട്രംപ് ഇന്ന് ഈ ചരിത്ര കരാറിന് വരെ തടസ്സമാകാൻ സാധ്യത വളരെയേറെയാണ്.
ട്രംപ് എടുത്ത നടപടിക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രി പ്രശംസ അറിയിച്ചിട്ടുണ്ട്. എന്നാൽ ആ പോസ്റ്റിൽ “വ്യാപാരക്കരാർ” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല എന്നത് വളരെയേറെ രസകരമാണ്. ചുരുക്കത്തിൽ കോൺഗ്രസ് നേതാക്കൾ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത് പോലെ ട്രംപിനെ ഇന്ത്യയുടെ അധികാരം ഏൽപ്പിച്ചുവെന്ന്’ തോന്നുക സ്വാഭാവികമാണ്.



