ന്യൂഡൽഹി– രാജ്യം നേരിടുന്ന യഥാർഥ പ്രതിസന്ധികൾക്ക് നേരെ കണ്ണടച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലാത്ത യുവാക്കളെയും നിക്ഷേപം പിൻവലിക്കുന്ന നിക്ഷേപകരെയും സർക്കാർ പൂർണ്ണമായും അവഗണിച്ചു. ഗാർഹിക സമ്പാദ്യം ഇടിയുകയും കർഷകർ കടുത്ത ദുരിതം അനുഭവിക്കുകയും ചെയ്യുമ്പോൾ എല്ലാവരെയും കൈവിട്ട നിലപാടാണ് ബജറ്റിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ചരിത്രപരമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ശക്തമായ അടിത്തറയാണ് ഈ ബജറ്റെന്നും സ്ത്രീശക്തിയുടെ ശാക്തീകരണം ഇതിൽ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്നും അവസരങ്ങളുടെ അതിവേഗ പാതയാണ് ഇതിലൂടെ തുറക്കപ്പെട്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:
നിക്ഷേപം: അടിസ്ഥാന സൗകര്യ വികസനത്തിനായി 12.5 ലക്ഷം കോടി രൂപ വകയിരുത്തി.
എഐ (AI): കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ വികസനത്തിനും പഠനത്തിനുമായി പ്രത്യേക ഊന്നൽ നൽകി. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും.
വ്യവസായം: ചെറുകിട വ്യവസായ മേഖലയ്ക്ക് (MSME) 10,000 കോടി രൂപ അനുവദിച്ചു.
ഗതാഗതം: ഏഴ് റെയിൽ ഇടനാഴികളും 20 ജല ഇടനാഴികളും പ്രഖ്യാപിച്ചു.
കേരളത്തിന് കടുത്ത നിരാശ
പതിവുപോലെ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് (AIIMS) ഇത്തവണയും ബജറ്റിലില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴികളിൽ ഒന്നുപോലും കേരളത്തിന് അനുവദിച്ചില്ല. ധാതു ഖനനത്തിനുള്ള ഇടനാഴിയും കടലാമ സംരക്ഷണത്തിനുള്ള പദ്ധതിയും മാത്രമാണ് കേരളത്തിന് ലഭിച്ച ആശ്വാസങ്ങൾ. കേരളത്തെ അവഗണിച്ചതിനെതിരെ സംസ്ഥാനത്ത് നിന്നുള്ള എംപിമാർ സഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.



