ദുബൈ– രണ്ട് പ്രശസ്ത റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന് ഏകദേശം 352 ദിര്‍ഹം വിലമതിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ മോഷ്ടിച്ച അറബ് വംശജയായ യുവതിയെ ദുബൈ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. പ്രതിക്ക് ഒരു മാസം തടവും 352 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. തടവ് ശിക്ഷ നടപ്പാക്കുന്നത് മൂന്ന് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതി രണ്ട് ബോഡി ക്രീം കണ്ടെയ്നറുകള്‍, രണ്ട് പെര്‍ഫ്യൂം കുപ്പികള്‍, ഒരു ഹെയര്‍ ക്ലിപ്പ് എന്നിവ മോഷ്ടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. സി.സി.ടി.വി ദൃശ്യങ്ങള്‍ വഴി യുവതിയെ തിരിച്ചറിഞ്ഞ രണ്ടാമത്തെ സ്റ്റോറിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അവരെ തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.
ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ പ്രലോഭനത്തെ ചെറുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അവ വാങ്ങാന്‍ മതിയായ പണമില്ലെന്നും പറഞ്ഞ് മോഷണം നടത്തിയതായി യുവതി ആദ്യം സമ്മതിച്ചു. എന്നാല്‍ പ്രോസിക്യൂട്ടര്‍മാരുടെ ചോദ്യം ചെയ്യലില്‍, മോഷ്ടിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും വസ്തുക്കള്‍ അബദ്ധത്തില്‍ എടുത്തതാണെന്നും അവകാശപ്പെട്ടു. പിന്നീട് കോടതിയില്‍ തന്റെ നിലപാട് മാറ്റിയ പ്രതി കുറ്റം സമ്മതിക്കുകയും ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലാത്തതിനാല്‍ ഇളവ് ആവശ്യപ്പെടുകയും ചെയ്തു.
ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായി അവരുടെ മുന്‍ നിരാകരണം തള്ളിക്കളഞ്ഞ കോടതി ജുഡീഷ്യല്‍ വിവേചനാധികാരം പ്രയോഗിക്കാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ ശിക്ഷാ ഇളവ് ആവശ്യമാണെന്ന് നിഗമനം ചെയ്ത്, ഒരു മാസത്തെ തടവും പിഴയും വിധിക്കുകയും തടവുശിക്ഷ നടപ്പാക്കുന്നത് മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയുമായിരുന്നു.



