മുംബൈ– മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മുംബൈയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ബഹുമതി അജിത് പവാറിന്റെ പത്നിയായ സുനേത്രയാണ്.
അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പാർട്ടി നേതൃത്വം സുനേത്രയെ ഈ നിർണ്ണായക പദവിയിലേക്ക് നിയോഗിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ചേർന്ന എൻസിപി നിയമസഭാ കക്ഷി യോഗത്തിൽ ഛഗൻ ഭുജ്ബൽ അവതരിപ്പിച്ച പ്രമേയം എംഎൽഎമാർ ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു.
അജിത് പവാറിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി തികച്ചും ലളിതമായ ചടങ്ങാണ് ലോക് ഭവനിൽ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും മഹായുതി സഖ്യത്തിലെ മറ്റ് പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഭരണത്തുടർച്ചയും സഖ്യത്തിലെ ഐക്യവും ഉറപ്പാക്കുന്ന നീക്കമായാണ് സുനേത്രയുടെ നിയമനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
സുനേത്ര പവാറിന്റെ സ്ഥാനാരോഹണം നടന്നപ്പോഴും എൻസിപിയിലെ കുടുംബകലഹം വീണ്ടും ചർച്ചയായി. സഖ്യകക്ഷികളുടെ തീരുമാനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ലയന ചർച്ചകൾ നടക്കുന്നതിനിടെയുള്ള ഈ നീക്കം അപ്രതീക്ഷിതമാണെന്നും എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാർ പ്രതികരിച്ചു.
62-കാരിയായ സുനേത്ര പവാർ കഴിഞ്ഞ വർഷം ജൂണിലാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.



