ന്യൂഡൽഹി– സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും വലിയ തോതിൽ വില വർധിപ്പിക്കുന്ന പുതിയ നികുതി പരിഷ്കാരം ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ജിഎസ്ടി കൗൺസിലിന്റെ തീരുമാനപ്രകാരം നിലവിലുണ്ടായിരുന്ന ‘ജിഎസ്ടി നഷ്ടപരിഹാര സെസ്’ (Compensation Cess) നിർത്തലാക്കി പകരം 40 ശതമാനം ജിഎസ്ടിയും ഒപ്പം അധിക എക്സൈസ് തീരുവയും (Excise Duty) ചുമത്തുന്നതാണ് പുതിയ രീതി. 2017-ൽ ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം സിഗരറ്റ് നികുതി ഘടനയിൽ വരുന്ന ഏറ്റവും വലിയ മാറ്റമാണിത്.
സിഗരറ്റിന്റെ നീളവും ഫിൽട്ടർ ഉണ്ടോ എന്നതും അടിസ്ഥാനമാക്കിയാണ് എക്സൈസ് തീരുവ നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രകാരമുള്ള വിലവർധന താഴെ പറയുന്ന രീതിയിലായിരിക്കും:
65 മില്ലീമീറ്റർ വരെ (ഫിൽട്ടർ ഇല്ലാത്തത്): ഒരു സിഗരറ്റിന് ഏകദേശം 2.05 രൂപ വർധിക്കും.
65 മില്ലീമീറ്റർ വരെ (ഫിൽട്ടർ ഉള്ളത്): ഒരു സിഗരറ്റിന് ഏകദേശം 2.10 രൂപ വർധിക്കും.
65 – 70 മില്ലീമീറ്റർ: ഒന്നിന് 3.6 രൂപ മുതൽ 4 രൂപ വരെ വർധിക്കും.
70 – 75 മില്ലീമീറ്റർ: ഒന്നിന് ഏകദേശം 5.4 രൂപ വരെ വർധിക്കും.
75 മില്ലീമീറ്ററിന് മുകളിൽ / സ്പെഷ്യൽ ഡിസൈൻ: ഓരോ സ്റ്റിിക്കിനും 8.5 രൂപ വരെ അധികമായി നൽകേണ്ടി വരും.
പുകയില ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. പാൻ മസാലകൾക്ക് മേൽ പുതിയ ‘ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ്’ (Health and National Security Cess) ഏർപ്പെടുത്തിയിട്ടുണ്ട്. ഗുഡ്കയ്ക്ക് 91 ശതമാനവും ച്യൂയിങ് ടൊബാക്കോയ്ക്ക് 82 ശതമാനവുമാണ് എക്സൈസ് തീരുവ. അതേസമയം പാൻ മസാലയുടെ ആകെ നികുതി 88 ശതമാനമായി തന്നെ തുടരും. എന്നാൽ ബീഡികൾക്ക് 18 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കൂ എന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസകരമാണ്.
മൊത്തത്തിൽ സിഗരറ്റ് വിലയിൽ 15 ശതമാനം മുതൽ 30 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് വിപണിയിലെ വിലയിരുത്തൽ. പുകയില ഉൽപന്നങ്ങളുടെ വിപണനത്തിൽ കൃത്യമായ കണക്കുകൾ ഉറപ്പാക്കാൻ നിർമ്മാണ യൂണിറ്റുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.



