ജിദ്ദ – സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ബാധിക്കാൻ കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങൾക്ക് കഴിയില്ലെന്ന് സൗദി രഹസ്യാന്വേഷണ ഏജൻസി മുൻ മേധാവിയും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ രാജകുമാരൻ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും അന്താരാഷ്ട്ര നിലപാടുകൾക്കും അപ്പുറം, ജനങ്ങൾക്കിടയിലെ ശക്തമായ കുടുംബബന്ധങ്ങളിലും സ്നേഹത്തിലും അധിഷ്ഠിതമാണെന്നും സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ ഈ ബന്ധത്തെ ഉലയ്ക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഔദ്യോഗികമായ സർക്കാർ പ്രസ്താവനകളെ മാത്രം വിശ്വാസത്തിലെടുക്കണമെന്നും ഭിന്നത വിതയ്ക്കാനുള്ള ശ്രമങ്ങളെ വിവേകം കൊണ്ട് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ വിഷയത്തിൽ സൗദിയുടെ നിലപാട് വിട്ടുവീഴ്ചയില്ലാത്തതാണെന്ന് അദ്ദേഹം ആവർത്തിച്ചു. 1967-ലെ അതിർത്തികൾ അംഗീകരിച്ചുകൊണ്ടുള്ള ദ്വിരാഷ്ട്ര പരിഹാരവും ഫലസ്തീനികളുടെ അവകാശങ്ങൾ ഉറപ്പാക്കലും മാത്രമാണ് ഇസ്രായേലുമായുള്ള സാധാരണവൽക്കരണത്തിനുള്ള അടിസ്ഥാന വ്യവസ്ഥ. ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന് പറയുകയും ഫലസ്തീനികൾക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് വൈരുദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ ഇസ്രായേലുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ഫലസ്തീൻ ഒത്തുതീർപ്പിലേക്കുള്ള പാത വ്യക്തമാക്കണമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വൈറ്റ് ഹൗസ് സന്ദർശന വേളയിൽ അറിയിച്ചിരുന്നതായും, ഇസ്രായേൽ സൗദിയുമായി ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് കൃത്യമായ വില നൽകേണ്ടി വരുമെന്നും തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.



