ജിദ്ദ: കേരള ധനകാര്യമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പൊതുജനങ്ങളെയും പ്രവാസി സമൂഹത്തെയും ഒരുപോലെ വഞ്ചിക്കുന്ന പൊള്ളയായ പ്രഖ്യാപനമാണെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി കുറ്റപ്പെടുത്തി. സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം മറികടക്കാൻ ലക്ഷ്യമിട്ടുള്ള കേവലം ചെപ്പടി വിദ്യ മാത്രമാണിതെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
നാടിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികൾക്കായി മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പിലാക്കാൻ കഴിയാത്ത സർക്കാർ, പുതിയ പ്രഖ്യാപനങ്ങളുമായി വരുന്നത് പ്രഹസനമാണ്. പ്രവാസി ക്ഷേമത്തിനായി മാറ്റിവെച്ച തുക ഒന്നിനും തികയാത്തതും ആനുപാതികമല്ലാത്തതുമാണ്. പ്രവാസികളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ ഇടപെടാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ അവരുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണ്.
സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത നിലവിലെ ലോക കേരള സഭ ഉടച്ചുവാർക്കണമെന്നും റീജ്യണൽ കമ്മിറ്റി ആവശ്യപ്പെട്ടു. ധൂർത്തും ആഡംബരവും ഒഴിവാക്കി സാധാരണ പ്രവാസികളുടെ ജീവിതത്തിന് ഗുണകരമാകുന്ന രീതിയിൽ സഭ പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്.
പിണറായി സർക്കാരിന്റെ ഭരണകാലം അവസാനിക്കാറായെന്ന ബോധ്യത്തിൽ നിന്നാണ് ഇത്തരം പൊള്ളയായ വാഗ്ദാനങ്ങൾ ഉയരുന്നത്. സർക്കാരിന്റെ പരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഈ ബജറ്റ് തന്ത്രങ്ങളെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.



