ലണ്ടൻ– യൂറോപ്പിലെ കരുത്തരായ ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വിധിനിർണ്ണായകമായ മത്സരങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിലെ എട്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് അരങ്ങേറുന്നതോടെ, ആരൊക്കെ നേരിട്ട് പ്രീ-ക്വാർട്ടറിലേക്ക് പ്രവേശിക്കുമെന്നും ആരൊക്കെ പ്ലേ-ഓഫ് കടമ്പ കടക്കേണ്ടി വരുമെന്നും വ്യക്തമാകും. ഇന്ന് നടക്കുന്ന 18 മത്സരങ്ങളും ഒരേസമയമാണ് കിക്കോഫ് ചെയ്യുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1:30-ന് ( സൗദി- 11:30 PM) ആണ് മത്സരങ്ങൾ.
മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്, എഫ്.സി ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ, ബൊറൂസിയ ഡോർട്ട്മുണ്ട്, നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി എന്നീ പ്രമുഖ ടീമുകൾക്ക് ഇന്നത്തെ മത്സരം അതിനിർണ്ണായകമാണ്. പട്ടികയിൽ ആദ്യ എട്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ നേരിട്ട് പ്രീ-ക്വാർട്ടറിലേക്ക് (Round of 16) യോഗ്യത നേടാനാകൂ. അല്ലാത്തപക്ഷം, 9 മുതൽ 24 വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് പ്ലേ-ഓഫ് റൗണ്ട് കളിച്ച് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കൂ. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി ഇംഗ്ലീഷ് കരുത്തരായ ന്യൂകാസിൽ യുണൈറ്റഡിനെയാണ് നേരിടുന്നത്. ഇരു ടീമുകളും നിലവിൽ ആദ്യ എട്ടിൽ ഉണ്ടെങ്കിലും ഉറപ്പച്ചിട്ടില്ല. ഇവർ തമ്മിൽ ഏറ്റുമുട്ടുന്നത് ബാഴ്സലോണ, സിറ്റി പോലെയുള്ളവർക്ക് ഗുണകരമാണ്.
മറ്റ് ടീമുകൾ സമ്മർദ്ദത്തിലാണെങ്കിലും, ഇംഗ്ലീഷ് ക്ലബ്ബായ ആർസണലും ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കും ഇതിനോടകം തന്നെ തങ്ങളുടെ സ്ഥാനം പ്രീ-ക്വാർട്ടറിൽ ഉറപ്പിച്ചു കഴിഞ്ഞു. ഇന്നത്തെ ഫലം എന്തുതന്നെയായാലും ഇവർക്ക് ആദ്യ എട്ടിൽ ഇടം ലഭിക്കുമെന്ന് ഉറപ്പാണ്.
മത്സരങ്ങൾ
അയാക്സ് × ഒളിമ്പിയാക്കോസ്
ആഴ്സണൽ × കൈറത്ത് അൽമാട്ടി
മൊണാക്കോ × യുവന്റസ്
അത്‌ലറ്റിക് ബിൽബാവോ × സ്പോർട്ടിംഗ് ലിസ്ബൺ
അത്‌ലറ്റിക്കോ മാഡ്രിഡ് × ബോഡോ/ഗ്ലിംറ്റ്
ബയർ ലെവർകൂസൻ × വിയ്യാറയൽ
ബൊറൂസിയ ഡോർട്ട്മുണ്ട് × ഇന്റർ മിലാൻ
ക്ലബ്ബ് ബ്രൂഗ് × ഒളിമ്പിക് മാഴ്സെ
ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് × ടോട്ടൻഹാം
എഫ്.സി ബാഴ്സലോണ × കോപ്പൻഹേഗൻ
ലിവർപൂൾ × കരാബാഗ്
മാഞ്ചസ്റ്റർ സിറ്റി × ഗലാറ്റസരായ്
പാഫോസ് × സ്ലാവിയ പ്രാഗ്
പി.എസ്.ജി (PSG) × ന്യൂകാസിൽ
പി.എസ്.വി (PSV) × ബയേൺ മ്യൂണിക്ക്
യൂണിയൻ എസ്.ജി × അറ്റലാന്റ
ബെൻഫിക്ക × റയൽ മാഡ്രിഡ്
നാപ്പോളി × ചെൽസി



