തിരുവനന്തപുരം– സംസ്ഥാനത്ത് സ്വർണവിലയിലെ റെക്കോർഡ് കുതിപ്പ് തുടരുന്നു. പവന് ഒറ്റയടിക്ക് 2,360 രൂപ വർധിച്ച് വില 1,21,120 രൂപ എന്ന പുതിയ ഉയരത്തിലെത്തി. ഗ്രാമിന് 295 രൂപ കൂടി 15,140 രൂപയായാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം മാത്രം ഒരു പവൻ സ്വർണത്തിന് 22,080 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഗോള വിപണിയിലുണ്ടായ അസാധാരണമായ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ഔൺസിന് 163 ഡോളറിൻ്റെ വർധനവാണുണ്ടായത്. നിലവിൽ ഔൺസിന് 5,247 ഡോളർ എന്ന നിരക്കിലാണ് ആഗോള വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 3.15 ശതമാനത്തിന്റെ നേട്ടമാണ് സ്വർണം കൈവരിച്ചത്.
ഓരോ ദിവസവും പുതിയ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടാണ് സ്വർണവില മുന്നേറുന്നത്. വിപണിയിൽ ഇടയ്ക്കിടെ നേരിയ ഇടിവുകൾ ഉണ്ടാകുന്നുണ്ടെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വില കുതിച്ചുയരുന്ന പ്രവണതയാണ് നിലവിലുള്ളത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ, വിലക്കയറ്റം വിവാഹ വിപണിയെയും സാധാരണക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.



