ബുറൈദ – മായംകലര്‍ന്ന ഇന്ധനങ്ങള്‍ വില്‍പന നടത്തിയ കേസില്‍ ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിനും സ്ഥാപനത്തിലെ ജീവനക്കാരനായ യെമനിക്കും ബുറൈദ ക്രമിനല്‍ കോടതി 32,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഖുതൂത് വാഫി പെട്രോള്‍ ബങ്കിനും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന യെമനി പൗരന്‍ അബ്ദുറഹ്‌മാന്‍ മുഹമ്മദ് അബ്ദു ഖാസിമിനുമാണ് ശിക്ഷ. സ്ഥാപനത്തിന്റെയും യെമനിയുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ പരിശോധന നടത്തിയ വാണിജ്യ മന്ത്രാലയ സംഘം ഇവിടെ നിന്ന് ശേഖരിച്ച ഇന്ധന സാമ്പിളുകളില്‍ നടത്തിയ ലബോറട്ടറി പരിശോധനകളില്‍ ഇന്ധനങ്ങളില്‍ മായംകലര്‍ന്നതായി വ്യക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വാണിജ്യ മന്ത്രാലയം കേസ് പിന്നീട് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.



