തെല്‍അവീവ് – ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതു പോലെ, ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ക്രോസിംഗ് പരിമിതമായ നിലക്ക് വീണ്ടും തുറക്കുമെന്ന് ഇന്ന് രാവിലെ ഇസ്രായില്‍ അറിയിച്ചു. അമേരിക്കയുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ക്രോസിംഗ് പരിമിതമായ നിലക്ക് വീണ്ടും തുറക്കാന്‍ ഇസ്രായില്‍ സമ്മതിച്ചത്.
യു.എസ് പ്രസിഡന്റ് ട്രംപിന്റെ 20 ഇന പദ്ധതിയുടെ ഭാഗമായി, സമഗ്രമായ ഇസ്രായിലി പരിശോധന സംവിധാനത്തിന് വിധേയമായി കാല്‍നടയാത്രക്കാര്‍ക്കായി റഫ അതിര്‍ത്തി ക്രോസിംഗ് പരിമിതമായ നിലക്ക് വീണ്ടും തുറക്കാന്‍ ഇസ്രായില്‍ സമ്മതിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു. ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള നിര്‍ണായക പ്രവേശന കവാടമാണ് റഫ അതിര്‍ത്തി ക്രോസിംഗ്. ഐക്യരാഷ്ട്രസഭയും മാനുഷിക സംഘടനകളും ഇത് വീണ്ടും തുറക്കണമെന്ന് വളരെക്കാലമായി ആവശ്യപ്പെടുന്നു.
ഒക്ടോബര്‍ 10 ന് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നശേഷം റഫ ക്രോസിംഗ് വീണ്ടും തുറക്കാന്‍ ഇസ്രായില്‍ അധികൃതര്‍ അനുവദിച്ചില്ല. ഗാസ മുനമ്പിലെ അവസാന ഇസ്രായിലി ബന്ദിയായ പോലീസുകാരന്‍ റാന്‍ ഗാവിലിയുടെ മൃതദേഹം തിരികെ നല്‍കുന്നതില്‍ ഹമാസ് പരാജയപ്പെട്ടതും ഈജിപ്തുമായുള്ള ഏകോപനത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് ക്രോസിംഗ് വീണ്ടും തുറക്കാന്‍ ഇസ്രായില്‍ ഇത്രയും കാലം വിസമ്മതിച്ചത്.


റാന്‍ ഗാവിലിയുടെ മൃതദേഹം തിരികെ ലഭിക്കുന്നതുവരെ കാത്തിരിക്കാതെ ഗാസക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ക്രോസിംഗ് വീണ്ടും തുറക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദൂതന്മാരായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ഞായറാഴ്ച നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റാന്‍ ഗാവിലിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഹമാസ് തിരികെ നല്‍കുന്നതിനുമുമ്പ് ഗാസക്കായുള്ള യു.എസ് പദ്ധതിയുടെ രണ്ടാം ഘട്ടവുമായി മുന്നോട്ട് പോകരുതെന്ന് അദ്ദേഹത്തിന്റെ കുടുംബം ഇസ്രായില്‍ അധികൃതരോട് അഭ്യര്‍ഥിച്ചു. ഗാസ മുനമ്പിന്റെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കുഷ്നറും വിറ്റ്കോഫും ഞായറാഴ്ചയാണ് ഇസ്രായിലിലെത്തിയത്.
ട്രംപിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെ, കഴിഞ്ഞയാഴ്ച ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഒരു പുതിയ ഗാസയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് യു.എസ് പ്രസിഡന്റ് വെളിപ്പെടുത്തി. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയെ അംബരചുംബികളായ കെട്ടിടങ്ങളുള്ള ആഡംബര തീരദേശ റിസോര്‍ട്ടാക്കി മാറ്റാനാണ് ട്രംപിന്റെ ദര്‍ശനം ലക്ഷ്യമിടുന്നത്.
ഹമാസിന്റെ നിരായുധീകരണം, ഗാസ മുനമ്പിന്റെ പകുതിയോളം ഇപ്പോഴും നിയന്ത്രിക്കുന്ന ഇസ്രായില്‍ സൈന്യത്തെ ക്രമേണ പിന്‍വലിക്കല്‍, അന്താരാഷ്ട്ര സേനയെ വിന്യസിക്കല്‍ എന്നിവ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ഗാസ മുനമ്പിലെ ഇസ്രായിലിന്റെ രൂക്ഷമായ ബോംബാക്രമണം ഈ കരാര്‍ അവസാനിപ്പിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിബന്ധനകള്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപിക്കുന്നു.
ഇരുപതു മാസത്തിനു ശേഷമാണ് റഫ ക്രോസിംഗ് വീണ്ടും തുറക്കുന്നത്. ഈജിപ്തിനും ഗാസ മുനമ്പിനും ഇടയിലുള്ള അതിര്‍ത്തിയിലെ പ്രധാന സാമ്പത്തിക, സുരക്ഷാ പാതയാണ് റഫ ക്രോസിംഗ്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാനും യാത്രക്കാര്‍ക്കും പരിക്കേറ്റവര്‍ക്കും പുറത്തുപോകാനും ക്രോസിംഗ് സൗകര്യമൊരുക്കുന്നു. 2024 മെയ് ഏഴിനാണ് ഇസ്രായില്‍ റഫ ക്രോസിംഗില്‍ ഫലസ്തീന്‍ ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഗാസയിലെ ഇസ്രായില്‍ അധിനിവേശം നിയമാനുസൃതമാക്കാതിരിക്കാനും, റഫ ക്രോസിംഗിന്റെ മാനേജ്‌മെന്റ് സംബന്ധിച്ച് 2005 ല്‍ ഇസ്രായിലും ഫലസ്തീന്‍ അതോറിറ്റിയും ഒപ്പുവെച്ച ക്രോസിംഗ് കരാര്‍ പാലിച്ചും റഫ ക്രോസിംഗ് തുറക്കുന്ന കാര്യത്തില്‍ ഇസ്രായിലുമായി ഏകോപനം നടത്തില്ലെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.



