കോട്ടയം– ഏറെ ചർച്ചകൾക്കും പ്രതീക്ഷകൾക്കും വഴിവെച്ച എസ്.എൻ.ഡി.പി – എൻ.എസ്.എസ് സംയുക്ത ഐക്യനീക്കത്തിൽ നിന്ന് എൻ.എസ്.എസ് പിന്മാറി. പെരുന്നയിൽ ചേർന്ന എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്. മുൻപുണ്ടായ ഐക്യശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ, വീണ്ടുമൊരു കൂട്ടുക്കെട്ട് പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് സംഘടന പിന്മാറ്റം പ്രഖ്യാപിച്ചത്.
ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗവും ഐക്യനീക്കത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിൽക്കാനാണ് താല്പര്യമെന്നും നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം ഗുണകരമാകില്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാട് സ്വീകരിക്കുന്ന എൻ.എസ്.എസ്, മറ്റു സമുദായങ്ങളുമായി സൗഹൃദം നിലനിർത്തുമെങ്കിലും പ്രത്യേക ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് വെള്ളാപ്പള്ളി നടേശനും ജി. സുകുമാരൻ നായരും സംയുക്തമായി ഐക്യത്തിന് സന്നദ്ധത പ്രകടിപ്പിച്ചത് വലിയ വാർത്തയായിരുന്നു. കാലഘട്ടത്തിന്റെ ആവശ്യമാണ് ഈ ഒത്തുചേരലെന്നായിരുന്നു ഇരുവരുടെയും പ്രാഥമിക നിലപാട്. എന്നാൽ, എസ്.എൻ.ഡി.പിയുമായി കൈകോർക്കുന്നത് സമുദായത്തിന് തെറ്റായ സന്ദേശം നൽകുമെന്നും എൻ.എസ്.എസിന്റെ സ്വതന്ത്ര നിലപാടുകളെ അത് ബാധിക്കുമെന്നും ഡയറക്ടർ ബോർഡ് അംഗങ്ങൾ യോഗത്തിൽ വാദിച്ചു. ഇതോടെയാണ് ദിവസങ്ങൾ മാത്രം ആയുസ്സുണ്ടായിരുന്ന ഐക്യനീക്കം അവസാനിച്ചത്.



