തിരുവനന്തപുരം– സംസ്ഥാനത്ത് സ്വർണവിലയിൽ സമാനതകളില്ലാത്ത കുതിപ്പ് തുടരുന്നു. പവന് ഒറ്റയടിക്ക് 3000 രൂപ വർധിച്ച് 1,19,320 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 375 രൂപ കൂടി 14,915 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളർ എന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ടതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. ഒറ്റദിവസം കൊണ്ട് 90 ഡോളറിന്റെ വർധനവാണ് ആഗോള വിപണിയിലുണ്ടായത്. സ്വർണത്തിന് പിന്നാലെ വെള്ളി വിലയും കുതിക്കുകയാണ്. ഔൺസിന് 6 ഡോളർ വർധിച്ച് 107 ഡോളറിലെത്തിയ വെള്ളിവിലയിൽ 6.74 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതത്വമാണ് സ്വർണവിലയെ ഈ നിലയിലേക്ക് എത്തിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങളും ഗ്രീൻലാൻഡിന് മേലുള്ള അവകാശവാദത്തെച്ചൊല്ലിയുള്ള തർക്കങ്ങളും വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഭയന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് തിരിയുന്നതാണ് വില റോക്കറ്റ് പോലെ ഉയരാൻ കാരണമാകുന്നത്.



