കുവൈത്ത് സിറ്റി– കുവൈത്ത് ഫുട്‌ബോള്‍ ഇതിഹാസം അഹ്‌മദ് ഖിദ്ര്‍ അല്‍തറാബല്‍സിയുടെ പൗരത്വം റദ്ദാക്കി കുവൈത്ത് മന്ത്രാലയം. ഇന്ന് പൗരത്വം റദ്ദാക്കിയ 65 പേരുടെ കൂട്ടത്തിലാണ് അഹ്‌മദ് അല്‍തറാബല്‍സിയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്ത് ദേശീയ ടീമിന്റെ മുന്‍ ഗോള്‍കീപ്പറാണ് അഹ്‌മദ് അല്‍തറാബല്‍സി. ഇന്ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവിലാണ് അഹ്‌മദ് അല്‍തറാബല്‍സി അടക്കമുള്ളവരുടെ പൗരത്വം റദ്ദാക്കാനുള്ള തീരുമാനമുള്ളത്. അഹ്‌മദ് അല്‍തറാബല്‍സി പതിറ്റാണ്ടുകളായി അഭിമാനത്തോടെ കുവൈത്തിനെ പ്രതിനിധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വെറുമൊരു കളിക്കാരന്‍ മാത്രമല്ല, നിരവധി നേട്ടങ്ങള്‍ കൈവരിച്ച കുവൈത്ത് ഐക്കണാണെന്നും റിപ്പോര്‍ട്ടുമായി പ്രതികരിച്ച കുവൈത്തികള്‍ പറഞ്ഞു.
ഗള്‍ഫ് കപ്പും ഏഷ്യന്‍ കപ്പും നേടിയ ടീമിലും 1982 ലെ ലോകകപ്പിന് യോഗ്യത നേടിയ ടീമിലും ലോക സൈനിക കപ്പ് നേടിയ ടീമിലും അഹ്‌മദ് അല്‍തറാബല്‍സി ഭാഗമായിരുന്നു. കുവൈത്ത് ദേശീയ ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുവൈത്ത് സൈന്യത്തില്‍ കേണലായും സേവനമനുഷ്ഠിച്ചു. യുവാക്കളെ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. പതിറ്റാണ്ടുകളോളം കുവൈത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലില്‍ അഹ്‌മദ് അല്‍തറാബല്‍സിയുടെ ശബ്ദത്തിലുള്ള ബാങ്ക് വിളിയും സംപ്രേഷണം ചെയ്തിരുന്നു.
1974 മുതല്‍ 2026 വരെ അരനൂറ്റാണ്ടിലേറെ നീണ്ട സേവനത്തിനും സമര്‍പ്പണത്തിനും ശേഷം അഹ്‌മദ് അല്‍തറാബല്‍സിയുടെ പൗരത്വം റദ്ദാക്കാനുള്ള തീരുമാനം ആശ്ചര്യകരമാണെന്ന് ചിലര്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കിയത് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വ്യാപകമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. അല്‍തറാബല്‍സിയുടെ പേര് കുവൈത്തിന്റെ ഓര്‍മ്മയിലും അദ്ദേഹത്തിന്റെ പ്രയാണത്തെ പിന്തുടര്‍ന്ന കുവൈത്തികളുടെ ഹൃദയങ്ങളിലും മായാതെ നിലനില്‍ക്കുമെന്ന് ഉപയോക്താക്കള്‍ പറഞ്ഞു. പൗരത്വം റദ്ദാക്കിയുള്ള തീരുമാനം പുറത്തുവന്നതോടെ അഹ്‌മദ് അല്‍തറാബല്‍സി സാഹചര്യം സംയമനത്തോടെയും വിവേകത്തോടെയും കൈകാര്യം ചെയ്തു. ജീവിതത്തിലുടനീളം കുവൈത്തികള്‍ അദ്ദേഹത്തില്‍ നിന്ന് പരിചയിച്ച ശാന്തതയും അന്തസ്സും നിലനിര്‍ത്തി, വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ വാക്യം പാരായണം ചെയ്തു.
പൗരത്വം റദ്ദാക്കിയ 65 പേരുടെ ഭാര്യമാരും മക്കളും പേരമക്കളും അടക്കമുള്ള ആശ്രിതരുടെ പൗരത്വവും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. സമീപ മാസങ്ങളില്‍ കുവൈത്തില്‍ നടീനടന്മാരും സാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും പ്രബോധകരും അടക്കം പതിനായിരക്കണക്കിനാളുകളുടെ പൗരത്വം റദ്ദാക്കിയിട്ടുണ്ട്. വ്യാജ വിവരങ്ങളും രേഖകളും സമര്‍പ്പിച്ച് ദശകങ്ങള്‍ക്കു മുമ്പ് പൗരത്വം നേടിയവരുടെയും ആശ്രിതരുടെയും പൗരത്വമാണ് റദ്ദാക്കുന്നത്. അനധികൃതമായി പൗരത്വം സമ്പാദിച്ച കേസുകള്‍ കണ്ടെത്താനും ഇത്തരക്കാരുടെ പൗരത്വം റദ്ദാക്കാനുള്ള ശുപാര്‍ശകള്‍ മന്ത്രിസഭക്ക് സമര്‍പ്പിക്കാനും ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.



