ജിദ്ദ – ഇറാനെതിരെ സൈനിക ആക്രമണം നടത്തുന്നത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനകത്തും അമേരിക്കയുടെ പ്രാദേശിക പങ്കാളികള്‍ക്കിടയിലും ആഴത്തിലുള്ള ഭിന്നത നിലനില്‍ക്കുന്നതായി ഇസ്രായില്‍ പത്രമായ ഇസ്രായില്‍ ഹയോം വെളിപ്പെടുത്തി. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങി ഏതാനും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥര്‍ സൈനിക നടപടിയെ പിന്തുണക്കുന്ന ക്യാമ്പില്‍ ഉള്‍പ്പെടുന്നു. ബ്രിട്ടണ്‍, ഇസ്രായില്‍, യു.എ.ഇ എന്നീ രാജ്യങ്ങളും ഇറാനെതിരായ സൈനിക നടപടിയെ പിന്തുണക്കുന്നു.


ട്രംപിന്റെ മരുമകനും പ്രത്യേക ദൂതനുമായ ജാരെഡ് കുഷ്നര്‍, മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുടെ നേതൃത്വത്തില്‍ നേരിട്ടുള്ള സൈനിക നടപടിയെ എതിര്‍ക്കുന്ന ഒരു വിഭാഗവുമുണ്ട്. മേഖലയില്‍ കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ നയതന്ത്ര പരിഹാരങ്ങളാണ് ഏറ്റവും നല്ല ഓപ്ഷനെന്ന് വിശ്വസിക്കുന്ന തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ പ്രാദേശിക രാജ്യങ്ങളും സൈനിക നടപടിയെ എതിര്‍ക്കുന്നു. ഊര്‍ജ സുരക്ഷ, സമുദ്ര പാതകള്‍, മുഴുവന്‍ മിഡില്‍ ഈസ്റ്റിന്റെയും സ്ഥിരത എന്നിവയിലേക്ക് വ്യാപിച്ചേക്കാവുന്ന വിശാലമായ പ്രാദേശിക പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഇറാനുമായി തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതില്‍ അമേരിക്കന്‍ ഭരണകൂടത്തിനുള്ളിലെ മടിയാണ് ഈ ഭിന്നത പ്രതിഫലിപ്പിക്കുന്നത്. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയാല്‍ ഇസ്രായിലിനു നേരെ ഇറാന്‍ വിക്ഷേപിച്ചേക്കാവുന്ന മിസൈലുകളും ഡ്രോണുകളും തടയുന്നതില്‍ ബ്രിട്ടണ്‍, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായിലിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്രായില്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.



