ബഗ്ദാദ് – ഇറാഖ്, സിറിയ അതിര്‍ത്തിയിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തിയതായി ഇറാഖ് അറിയിച്ചു. മതില്‍ നിര്‍മ്മാണത്തിന്റെ 80 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. സിറിയയില്‍ നിന്ന് എത്തുന്ന ഐസിസ് തടവുകാരെ ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ജയിലുകളില്‍ പാര്‍പ്പിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. സിറിയന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇറാഖ് സായുധ സേനാ കമാന്‍ഡര്‍-ഇന്‍-ചീഫ് ഉത്തരവിട്ടതായും മതില്‍ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നതായും കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ വക്താവ് സ്വബാഹ് അല്‍നുഅ്മാന്‍ വ്യക്തമാക്കി. മതിലില്‍ തെര്‍മല്‍ ക്യാമറകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇറാഖ് – സിറിയ അതിര്‍ത്തികളെ വേര്‍തിരിക്കുന്ന മൂന്ന് പ്രധാന തടസ്സങ്ങളില്‍ ഒന്നാണിത്. അതിര്‍ത്തിയിലെ മുള്ളുകമ്പിവേലിക്കും കിടങ്ങിനും പുറമേയാണ് കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മിക്കുന്നത്.
സിറിയയുമായുള്ള അതിര്‍ത്തി മാത്രമല്ല, എല്ലാ അയല്‍ രാജ്യങ്ങളുമായുമുള്ള അതിര്‍ത്തികളും പൂര്‍ണ്ണമായും സുരക്ഷിതമാണ്. സിറിയയിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യം ഇറാഖ്-സിറിയന്‍ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിവന്നു. ഇറാഖിന്റെ അതിര്‍ത്തികള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്. ശക്തമായ സുരക്ഷയും വിപുലമായ സുരക്ഷാ വിന്യാസവും കാരണം നുഴഞ്ഞുകയറ്റ ശ്രമങ്ങളെ കുറിച്ചുള്ള ഭയമില്ല. സിറിയയില്‍ നിന്നുള്ള ഐസിസ് തടവുകാരെ ഇറാഖിലേക്ക് മാറ്റാന്‍ ഇറാഖി സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍ എടുത്ത പ്രധാനപ്പെട്ടതും ധീരവുമായ തീരുമാനമാണ്. ഈ വിഷയത്തിന്റെ സാഹചര്യങ്ങളുടെയും വിശദാംശങ്ങളുടെയും വിപുലമായ ചര്‍ച്ചക്കും പൂര്‍ണ്ണ അവലോകനത്തിനും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സിറിയയിലെ സ്ഥിതി അസ്ഥിരമാണ്. ഇതു കാരണം അല്‍ഹൗല്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഐസിസ് തടവുകാരുടെ സിറിയയിലെ സാന്നിധ്യം യഥാര്‍ഥ അപകടമായി മാറിയിരിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും അപകടകാരികളായ ഭീകരവാദികളും ഉന്നത നേതാക്കളുമാണ്. ഈ തടവുകാര്‍ ഇറാഖ്, സിറിയന്‍ ജനതക്കെതിരെ ഭീകരാക്രമണങ്ങള്‍ നടത്തിയവരാണ്.
ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡും ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികളും നീതിന്യായ മന്ത്രാലയവും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് സിറിയയില്‍ നിന്ന് ഐസിസ് ഭീകരരെ ഇറാഖിലേക്ക് മാറ്റുന്നത്. അവരെ ഇറാഖി ജയിലുകളില്‍ പാര്‍പ്പിക്കാനുള്ള സമഗ്ര പദ്ധതി നീതിന്യായ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് ഇറാഖി ജയിലുകള്‍ക്ക് ഉയര്‍ന്ന സുരക്ഷയും നൂതന ശേഷികളും ഉണ്ട്. അവ കൈകാര്യം ചെയ്യുന്നത് പ്രൊഫഷണല്‍ സുരക്ഷാ സേനയാണെന്നും സ്വബാഹ് അല്‍നുഅ്മാന്‍ പറഞ്ഞു. ഇറാഖും ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയും സിറിയയുമായി ഏകദേശം 618 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന അതിര്‍ത്തി പങ്കിടുന്നു. സിറിയയിലെ സമീപ ദിവസങ്ങളിലെ സൈനിക സംഭവവികാസങ്ങളെ തുടര്‍ന്ന്, ഇറാഖി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഗണ്യമായ സൈനിക, സുരക്ഷാ സംവിധാനങ്ങളെ വിന്യസിക്കുകയും അഭികാമ്യമല്ലാത്ത സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആ പ്രദേശങ്ങളില്‍ തങ്ങളുടെ സേനയെ അതീവ ജാഗ്രതയില്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.



