കയ്‌റോ – ഉത്തര ഈജിപ്തിലെ ഖല്‍യൂബിയ ഗവര്‍ണറേറ്റിലെ മിത് ആസിം ഗ്രാമത്തില്‍ അഞ്ച് സഹോദരങ്ങള്‍ വിഷവാതകം ശ്വസിച്ച് മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് കരകയറുന്നതിനു മുമ്പായി പ്രദേശത്ത് സമാനമായ മറ്റൊരു ദുരന്തം ആവര്‍ത്തിച്ചു. വിഷവാതകം ശ്വസിച്ച് യുവതിയും നാല് കുട്ടികളും മരണപ്പെട്ടു. ഖല്‍യൂബിയ ഗവര്‍ണറേറ്റിലെ ഖല്‍യൂബ് മര്‍കസിലെ ഉമ്മു ബയൂമി പ്രദേശത്ത് വീടിനുള്ളില്‍ മാരകമായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഉമ്മയും നാല് കുട്ടികളും ശ്വാസംമുട്ടി മരിച്ചതായി അധികൃതര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.
പ്രദേശത്തെ വീട്ടില്‍ നിന്ന് വിഷവാതകത്തിന്റെ രൂക്ഷഗന്ധം വമിക്കുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവര്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് യുവതിയുടെയും നാല് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ വലിയ തോതില്‍ പരന്ന വാതകം ശ്വസിച്ചതാണ് ഇരകള്‍ ശ്വാസംമുട്ടി മരിക്കാന്‍ കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
ഈജിപ്തുകാരെ പിടിച്ചുലച്ച് ഇതേ ഗവര്‍ണറേറ്റിലുണ്ടായ മറ്റൊരു ദുരന്തത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ബന്‍ഹയിലെ മിത് ആസിം ഗ്രാമത്തില്‍ 8 നും 15 നും ഇടയില്‍ പ്രായമുള്ള അഞ്ച് സഹോദരങ്ങള്‍ ഗ്യാസ് വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. സഹോദരിമാരില്‍ ഒരാള്‍ കുളിക്കുന്നതിനിടെയാണ് സംഭവം. വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ഗ്യാസ് കിടപ്പുമുറികളിലേക്ക് ചോരുകയും ഉറങ്ങിക്കിടക്കുകയായിരുന്ന നാല് സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു.



