ന്യൂ ഡൽഹി– 2026 ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നൽകിയ സമയപരിധി ബംഗ്ലാദേശ് അവഗണിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് നൽകിയ 24 മണിക്കൂർ സമയപരിധി മറുപടിയൊന്നുമില്ലാതെ അവസാനിച്ചതോടെ, ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കി സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്താനുള്ള നടപടികളുമായി ഐസിസി മുന്നോട്ട് പോവുകയാണ്.
ഇന്ത്യയിലെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) ആവശ്യം ഐസിസി നേരത്തെ തന്നെ തള്ളിയിരുന്നു. ടൂർണമെന്റ് തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ മത്സരങ്ങൾ മാറ്റുന്നത് പ്രായോഗികമല്ലെന്നും ഇന്ത്യ സുരക്ഷിതമാണെന്നും ഐസിസി വ്യക്തമാക്കി. എന്നാൽ ഈ തീരുമാനത്തോട് സഹകരിക്കാൻ ബംഗ്ലാദേശ് തയ്യാറാകാതിരുന്നതാണ് ഇപ്പോൾ അവർക്ക് ലോകകപ്പ് തന്നെ നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്.
ഐപിഎല്ലിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇതിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങളുമാണ് ബിസിബിയെ ഇത്തരമൊരു കടുത്ത നിലപാടിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ക്രിക്കറ്റിനെ രാഷ്ട്രീയ തർക്കങ്ങളുമായി കലർത്തിയ ബോർഡിന്റെ പിടിവാശി ഒടുവിൽ കനത്ത വില നൽകേണ്ടി വന്നത് ബംഗ്ലാദേശിലെ പ്രതിഭകളായ താരങ്ങൾക്കാണ്.
ബംഗ്ലാദേശ് പിന്മാറുന്നതോടെ ഗ്രൂപ്പ് ബി-യിലേക്ക് സ്കോട്ട്ലൻഡിന് നറുക്കുവീഴുമെന്നാണ് റിപ്പോർട്ട്. റാങ്കിംഗിൽ മുന്നിലുള്ള സ്കോട്ട്ലൻഡിനെ സംബന്ധിച്ചിടത്തോളം ആഗോള ക്രിക്കറ്റ് വേദിയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള അപ്രതീക്ഷിത സുവർണ്ണാവസരമാണിത്. ബംഗ്ലാദേശിന്റെ പുറത്താകൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ സ്കോട്ട്ലൻഡ് ടീം ഇന്ത്യയിലേക്ക് തിരിക്കും.



