വാഷിങ്ടൺ– ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽനിന്ന് വിരമിച്ചു. 27 വർഷം നീണ്ടുനിന്ന സമാനതകളില്ലാത്ത ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് ഇവർ നാസയിൽ നിന്നും വിട പറയുന്നത്. 2025ഡിസംബർ 27മുതൽ വിരമിക്കൽ പ്രാബല്യത്തിൽ വന്നതായി നാസ ഔദ്യോഗികമായി അറിയിച്ചു. 1998-ൽ നാസയിലെത്തിയ സുനിത, അമേരിക്കൻ നാവികസേനയിലെ ക്യാപ്റ്റൻ പദവിയിൽ നിന്നാണ് വിരമിച്ചത്
മനുഷ്യന്റെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് സുനിതയെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ പറഞ്ഞു. ഭാവിയിലെ ചന്ദ്ര-ചൊവ്വ ദൗത്യങ്ങൾക്കും വാണിജ്യ ബഹിരാകാശ യാത്രകൾക്കും അടിത്തറയിട്ടത് സുനിതയുടെ നേതൃപാടവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കരിയറിൽ ആകെ മൂന്ന് ബഹിരാകാശ ദൗത്യങ്ങളിലായി 608 ദിവസങ്ങളാണ് സുനിത വില്യംസ് ഭ്രമണപഥത്തിൽ ചിലവഴിച്ചത്. നാസയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ രണ്ടാമത്തെ സഞ്ചാരി എന്ന ബഹുമതിയും ഇതോടെ അവർക്ക് സ്വന്തമാണ്.
ഒമ്പത് തവണകളിലായി 62 മണിക്കൂർ 6 മിനിറ്റ് ബഹിരാകാശത്ത് നടന്നു. ഒരു വനിതാ സഞ്ചാരിയുടെ ഏറ്റവും ഉയർന്ന റെക്കോർഡാണിത്.
ബഹിരാകാശ നിലയത്തിനുള്ളിൽ വെച്ച് മാരത്തൺ ഓടിയ ആദ്യ വ്യക്തി എന്ന സവിശേഷതയും സുനിതയ്ക്കുണ്ട്. ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് ദൗത്യങ്ങൾക്കായി പുതിയ തലമുറയെ പരിശീലിപ്പിക്കുന്നതിലും അവർ മുഖ്യപങ്ക് വഹിച്ചിരുന്നു. ജനുവരി 23ന് വെള്ളിയാഴ്ച കോഴിക്കോട് ബീച്ചിൽ നടക്കുന്ന കെ എൽ എഫ് വേദിയിൽ പ്രധാന അതിഥി കൂടിയാണ് സുനിത വില്യംസ്.



