ജിദ്ദ – ഗൾഫ് രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖല 2024-ൽ സമാനതകളില്ലാത്ത വളർച്ച കൈവരിച്ചതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 1,98,000 വിദേശ വിനോദസഞ്ചാരികളെയാണ് നിലവിൽ ഗൾഫ് രാജ്യങ്ങൾ സ്വീകരിക്കുന്നത്. ആഗോള ടൂറിസം വരുമാനത്തിൽ ഗൾഫ് മേഖലയുടെ വിഹിതം 7.5 ശതമാനമായി ഉയർന്നത് ഈ രംഗത്തെ വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.
വിദേശ വിനോദസഞ്ചാരികളിൽ നിന്നുള്ള വരുമാനം ഏകദേശം 400 ബില്യൺ റിയാലിൽ (120.2 ബില്യൺ ഡോളർ) എത്തി. വിനോദസഞ്ചാരികൾ പ്രതിദിനം ശരാശരി 100 കോടിയിലധികം റിയാലാണ് ഗൾഫ് രാജ്യങ്ങളിൽ ചെലവഴിക്കുന്നത്. 2024-ൽ മാത്രം 7.22 കോടി വിദേശ സഞ്ചാരികൾ ഈ മേഖല സന്ദർശിച്ചു. ഇത് 2019-നെ അപേക്ഷിച്ച് 51.5 ശതമാനം വർധനവാണ് കാണിക്കുന്നത്. വിമാന സർവീസുകളുടെ വർധനവ്, ലളിതമായ വിസ നടപടികൾ, വൈവിധ്യമാർന്ന വിനോദസഞ്ചാര പദ്ധതികൾ എന്നിവയാണ് കോവിഡിന് ശേഷമുള്ള ഈ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായത്.
സന്ദർശകരിൽ 41.3 ശതമാനവും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കൂടാതെ മിഡിൽ ഈസ്റ്റ് (18.8%), യൂറോപ്പ് (14.6%), ഏഷ്യാ പസഫിക് (14.5%) എന്നിവിടങ്ങളിൽ നിന്നും വലിയ തോതിൽ സഞ്ചാരികൾ എത്തുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ആറ് ഗൾഫ് രാജ്യങ്ങളിലുമായി 11,200 ഹോട്ടലുകളും 7,11,500 മുറികളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 17 ലക്ഷമായി ഉയർന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിർണ്ണായകമായി. 2030-ഓടെ ടൂറിസം മേഖലയ്ക്കായി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളിലേക്ക് അതിവേഗം അടുക്കുകയാണ് ഗൾഫ് രാജ്യങ്ങൾ.



