ജെഫേഴ്‌സൺ സിറ്റി – അമേരിക്കയിലെ മിസൗറിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാൻ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജനുവരി 12നായിരുന്നു സംഭവം. രക്തം വാർന്ന് കിടന്ന ഭാര്യയുടെ തലയ്ക്ക് തലയിണ വെച്ചുകൊടുക്കുകയും മൃതദേഹത്തിന് സമീപത്തു നിന്ന് പ്രാർത്ഥിക്കുകയും ചെയ്തതായി കോടതി രേഖകളിൽ പറയുന്നു.
കൃത്യം നടത്തിയതിനു ശേഷം 18 മാസം പ്രായമുള്ള മകളെയുമെടുത്ത് പ്രതി കടന്നുകളഞ്ഞു. കൊലപാതക വിവരം അക്ബരി തന്നെ ഫോണിലൂടെ മകനെ അറിയിക്കുകയും മകൻ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ സംഭവ ദിവസം തന്നെ ഇയാളെ പിടികൂടുകയും കുട്ടിയെ ബന്ധുവീട്ടിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു. തനിക്ക് മറ്റുവഴികളില്ലായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു
അഫ്ഗാൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അക്ബരിക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഒന്നാം ഡിഗ്രി കൊലപാതകം, കുട്ടികളെ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പബ്ലിക് കോടതി രേഖകൾ പ്രകാരം, അക്ബറിയുടെ ബോണ്ട് തീരുമാനം ജനുവരി 21 നും പ്രാഥമിക വാദം കേൾക്കൽ ഫെബ്രുവരി 19 നും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.



