കടലുണ്ടി– മാധ്യമ പ്രവർത്തനങ്ങളും പ്രചാരണങ്ങളിലും മാനവികതയ്ക്കും സത്യത്തിനും മുൻഗണന നൽകണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന “പ്രൊഫൈസ്”പ്രൊഫഷണൽ ഫാമിലി കോൺഫറൻസിലെ മാധ്യമ സംവാദം സെഷൻ അഭിപ്രായപ്പെട്ടു. മാധ്യമ സംരംഭങ്ങളുടെ റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി വർഗീയതയെ താലോലിക്കുന്ന പത്രപ്രവർത്തനങ്ങളെ കരുതിയിരിക്കണമെന്നും കേരളത്തിൻറെ സൗഹൃദ അന്തരീക്ഷം വർഗീയതയും വിദ്വേഷ പ്രചാരണവും കൊണ്ട് മലീമസപ്പെടുത്താൻ ശ്രമിക്കുന്ന മാധ്യമ സ്ഥാപനങ്ങളെ ഒറ്റപ്പെടുത്തുകയും വേണം. മുസ്ലിം സമുദായത്തെ മാത്രം ലക്ഷ്യമാക്കി തെറ്റായ പ്രചാരണം നടത്തുന്ന ശൈലി മലയാള മണ്ണിന് യോജിച്ചതല്ല. സ്വാർത്ഥ താല്പര്യങ്ങൾ മാത്രം ലക്ഷ്യമാക്കി കൂടുമാറുന്ന പത്രപ്രവർത്തനം നീതിക്ക് യോജിച്ചതല്ല. സത്യാനന്തര കാലത്തെ യൂറോപ്പ്യൻ പ്രചാരണ ശൈലി കടമെടുക്കുന്നത് സത്യസന്ധമായ സാമൂഹ്യ നിർമ്മിതി സാധ്യമാകുകയില്ലെന്നും ഇവർ ചൂണ്ടികാണിച്ചു.
കടലുണ്ടി ‘അവോകി സെൻട്രോ അരീനയിൽ’ ആരംഭിച്ച സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻ്റ് ടികെ നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ ഡോ. പി പി നസീഫ് സ്വാഗതം പറഞ്ഞു. വൈകീട്ട് നടന്ന ‘മാധ്യമ നൈതികത വിചാരണ ചെയ്യപ്പെടുന്നു’ ബൗദ്ധിക സംവാദത്തിൽ മീഡിയാ വൺ സീനിയർ എഡിറ്റർ എസ് എ അജിംസ്, യൂത്ത് കോൺഗ്രസ് വക്താവ് ഡോ. ജിൻ്റോ ജോൺ, എഴുത്തുകാരൻ ബാബുരാജ് ഭഗവതി, ഷരീഫ് സാഗർ, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അവാം സുറൂർ, സിയാദ് ഹസൻ, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സഫ്‌വാൻ ബറാമി അൽഹികമി എന്നിവർ സംസാരിച്ചു.



