വാഷിംഗ്ടൺ – ഗാസ സമാധാന ബോർഡ് സ്ഥാപക അംഗങ്ങളായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ വിദേശ മന്ത്രി മാർക്കോ റൂബിയോയെയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെയും നിയമിച്ചു. മിഡിൽ ഈസ്റ്റിലേക്കുള്ള തന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരെഡ് കുഷ്നർ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ എന്നിവരെയും ബോർഡിൽ നിയമിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഗാസ സമാധാന ബോർഡിന്റെ അധ്യക്ഷ പദവി ട്രംപ് വഹിക്കും. വരും ആഴ്ചകളിൽ ബോർഡിലെ കൂടുതൽ അംഗങ്ങളെ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു.
ഗാസ സമാധാന ബോർഡിൽ ഫലസ്തീനികളെയോ അറബ് നേതാക്കളെയോ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ശതകോടീശ്വരനായ ഫിനാൻഷ്യർ മാർക്ക് റോവാനും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേലും ബോർഡിൽ ഉൾപ്പെടുന്നു.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതിയുടെ ഭാഗമായി സമാധാന ബോർഡ് രൂപീകരിച്ചതായി വ്യാഴാഴ്ച ട്രംപ് പ്രഖ്യാപിച്ചു. ഈജിപ്ത്, തുർക്കി, ഖത്തർ എന്നിവയുടെ പിന്തുണയോടെ ഹമാസുമായി സമഗ്രമായ നിരായുധീകരണ കരാറിലെത്തുമെന്നും ട്രംപ് പ്രസ്താവിച്ചു. സമധാന ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ, പരിവർത്തന കാലയളവിൽ ഗാസ ഭരിക്കാനായി പുതുതായി ചുമതലപ്പെടുത്തിയ ഫലസ്തീൻ ടെക്‌നോക്രാറ്റിക് ഗവൺമെന്റിനെ ഞാൻ പിന്തുണക്കുന്നു – ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് പറഞ്ഞു.
2003 ലെ ഇറാഖ് അധിനിവേശത്തിലെ പങ്ക് കാരണം ഗാസ സമാധാന ബോർഡിലേക്കുള്ള ബ്ലെയറിന്റെ തെരഞ്ഞെടുപ്പ് മിഡിൽ ഈസ്റ്റിൽ വിവാദപരമാണ്. ബ്ലെയർ എല്ലാവർക്കും സ്വീകാര്യമായ ഒരു തെരഞ്ഞെടുപ്പാണെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നതായി ട്രംപ് കഴിഞ്ഞ വർഷം പറഞ്ഞു. ഗാസയിൽ ജനിച്ച ഫലസ്തീൻ സിവിൽ എൻജിനീയറായ അലി ശഅത്തിനെ ടെക്നോക്രാറ്റിക് കമ്മിറ്റിയെ നയിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ട്. മുമ്പ് ഫലസ്തീൻ അതോറിറ്റിയിൽ ഡെപ്യൂട്ടി മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രണ്ട് വർഷത്തെ രക്തരൂക്ഷിതമായ സംഘർഷത്താൽ തകർന്ന പലസ്തീൻ പ്രദേശത്ത് പുനർനിർമ്മാണത്തിന്റെ ആദ്യ ഘട്ട തയ്യാറെടുപ്പുകൾ വൈകാതെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗാസക്ക് സുരക്ഷ ഒരുക്കുന്നതിന്റെയും ഫലസ്തീൻ പോലീസ് യൂണിറ്റുകൾക്ക് പരിശീലനം നൽകുന്നതിന്റെയും ചുമതലയുള്ള ഗാസയിലെ അന്താരാഷ്ട്ര സ്ഥിരത സേനയുടെ തലവനായി യു.എസ് ജനറൽ ജാസ്പർ ജെഫേഴ്സിനെയും ട്രംപ് നിയമിച്ചിട്ടുണ്ട്.
ഗാസയിൽ ഭരണ ശേഷി വർധിപ്പിക്കൽ, പ്രാദേശിക ബന്ധങ്ങൾ, പുനർനിർമ്മാണം, നിക്ഷേപ ആകർഷണം, വലിയ തോതിലുള്ള ധനസഹായം, മൂലധന സമാഹരണം തുടങ്ങിയ വിഷയങ്ങൾ സമാധാന ബോർഡ് ഏറ്റെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ട്രംപ്, യുദ്ധത്തിൽ തകർന്ന ഗാസയെ റിവിയേര ശൈലിയിലുള്ള റിസോർട്ട് പ്രദേശമാക്കി മാറ്റുന്നതിനെ കുറിച്ച് മുമ്പ് ആലോചിച്ചിരുന്നു. എന്നാൽ ഗാസ നിവാസികളെ ബലമായി മാറ്റിപ്പാർപ്പിക്കാനുള്ള ആഹ്വാനങ്ങളിൽ നിന്ന് അദ്ദേഹം പിന്നീട് പിന്മാറി.
ഗാസയിൽ സഹായവസ്തുക്കളുടെ കടുത്ത ക്ഷാമം സംബന്ധിച്ച മുന്നറിയിപ്പുകളുടെയും ഇസ്രായിൽ ഗാസയിൽ ദിവസേന ബോംബാക്രമണങ്ങൾ തുടരുന്നതിനുമിടയിലാണ് ട്രംപ് സമാധാന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. നിരായുധീകരണത്തിന് ഹമാസ് വിസമ്മതിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരുവിധ വിട്ടുവീഴ്ചക്കും തയാറല്ലെന്ന് ഇസ്രായിൽ പറയുന്നു.



