ജിദ്ദ – അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനും മേഖല തുറന്ന സൈനിക ഏറ്റുമുട്ടലിലേക്ക് വഴുതിവീഴുന്നത് തടയാനും സൗദി അറേബ്യയുടെയും ഖത്തറിന്റെയും ഒമാന്റെയും നേതൃത്വത്തിൽ ഊർജിതമായ നയതന്ത്ര ശ്രമങ്ങൾ നടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പശ്ചാത്തലത്തിൽ ഇറാനെതിരായ ആക്രമണം പുനരാലോചിക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നതിൽ മൂന്ന് രാജ്യങ്ങളും വിജയിച്ചുവെന്നും, മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായേക്കാവുന്ന അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് മൂന്നു രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയതായും ഉന്നത സൗദി ഉദ്യോഗസ്ഥൻ വ്യാഴാഴ്ച എ.എഫ്.പിയോട് പറഞ്ഞു.
സദുദ്ദേശ്യം പ്രകടിപ്പിക്കാൻ ഇറാന് അവസരം നൽകണമെന്ന് ട്രംപിനോട് ആവശ്യപ്പെടുന്നതിൽ കേന്ദ്രീകരിച്ചാണ് ഗൾഫ് രാജ്യങ്ങൾ നയതന്ത്ര ശ്രമങ്ങൾ നടത്തിയത്. ഇറാനെ ആക്രമിക്കുന്നത് മേഖലക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ ട്രംപിന് മുന്നറിയിപ്പ് നൽകി. പരസ്പര വിശ്വാസം ശക്തിപ്പെടുത്താനും നിലവിലുള്ള പോസിറ്റീവ് അന്തരീക്ഷം നിലനിർത്താനും ആശയവിനിമയ മാർഗങ്ങൾ തുറന്നിരിക്കണമെന്ന് മൂന്നു രാജ്യങ്ങളും വ്യക്തമാക്കി.
അമേരിക്കൻ സഹായം ഉടൻ വരുമെന്ന് ഇറാൻ പ്രതിഷേധക്കാരോട് യു.എസ് പ്രസിഡന്റ് പറഞ്ഞതിനു പിന്നാലെയാണ് യുദ്ധം തടയാൻ ഗൾഫ് രാജ്യങ്ങൾ ശക്തമായ നീക്കങ്ങൾ നടത്തിയത്. ട്രംപിന്റെ ഈ പ്രസ്താവനയെ പിന്തുണയുടെ സന്ദേശമായും ആസന്നമായ യു.എസ് ഇടപെടലിന്റെ സൂചനയായും നിരീക്ഷകർ വ്യാഖ്യാനിച്ചു. സൈബർ ആക്രമണം, ഇറാൻ ആഭ്യന്തര സുരക്ഷാ സംവിധാനത്തെ ലക്ഷ്യം വെക്കൽ എന്നിവയുൾപ്പെടെ ഇറാനുമായി ബന്ധപ്പെട്ട് അമേരിക്ക നിരവധി ഓപ്ഷനുകൾ പരിഗണിക്കുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും മിസൈൽ ശേഷികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് ഉൾപ്പെടെയുള്ള ഓപ്ഷനുകൾ പെന്റഗൺ ട്രംപിന് സമർപ്പിച്ചതായി പത്രം പറയുന്നു.



