ലണ്ടൻ- ഇഎഫ്എൽ കപ്പിന്റെ രണ്ടാം സെമിയിലെ ആദ്യ പാദത്തിൽ അരങ്ങേറിയ ലണ്ടൻ ഡെർബിയിൽ ചെൽസിയെ തകർത്ത് ആർസണൽ. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പീരങ്കികളുടെ ജയം. ഇതോടെ രണ്ടാം പാദം ഫെബ്രുവരി നാലിന് സ്വന്തം ആരാധകർക്ക് മുന്നിലാണ് പന്ത് തട്ടുക എന്നത് ഗണ്ണേഴ്‌സിന് ഏറെ അനൂകുലമാണ്.
ബെൻ വൈറ്റ്, വിക്ടർ ഗ്യോകെറസ്, മാർട്ടിൻ സുബിമെന്റി എന്നിവർ അതിഥികൾക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോൾ ചെൽസിയുടെ രണ്ടും ഗോളും നേടിയത് അലജാൻഡ്രോ ഗാർനാച്ചോയാണ്.
ഏഴാം മിനുറ്റിൽ ലഭിച്ച കോർണറിലൂടെ വൈറ്റ് ആർസണലിനെ മുന്നിലെത്തിച്ചു. ഡെക്ലാൻ റൈസാണ് കോർണർ എടുത്തത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ കീപ്പർ റോബെർട്ടോ സഞ്ചാസിന് പറ്റിയ പിഴവ് മുതലെടുത്ത് ഗ്യോകെറസ് പന്ത് വലയിൽ എത്തിച്ച് ലീഡ് ഇരട്ടിയാക്കി. വീണ്ടും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ പീരങ്കികൾക്ക് കഴിഞ്ഞില്ല. 57ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ ഗാർനാച്ചോ ചെൽസിക്ക് വേണ്ടി വല കുലുക്കിയതോടെ സ്കോർ 2-1. 71 മിനുറ്റിൽ ചെൽസി പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് സുബിമെന്റിയും ലക്ഷ്യം കണ്ടതോടെ സന്ദർശകർ ഏകദേശം വിജയം ഉറപ്പിച്ചു. 83 മിനുറ്റിൽ ഒരു കോർണറിലൂടെ ഗാർനാച്ചോ വീണ്ടും ഗോൾ നേടി ചെൽസിയുടെ തോൽവി ഭാരം കുറച്ചു. സമനില ഗോളിനായി ബ്ലൂസ് കിണഞ്ഞു ശ്രമിച്ചെങ്കിലും പീരങ്കി പ്രതിരോധനിര സമ്മതിച്ചില്ല.



