ജിദ്ദയിലെ ഔദ്യോഗിക കാലാവധി അവസാനിച്ചുവെങ്കിലും മുഹമ്മദ് ഷാഹിദ് ആലം ഹജ് കഴിയും വരെ തുടരും
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ് വിമാനം മെയ് ഒമ്പതിന്
ആന്ധ്രയിലെ കര്‍ണൂല്‍ സ്വദേശി ഫഹദ് അഹമ്മദ് ഖാന്‍ സൂരി പുതിയ സി.ജി
2021 ഫെബ്രുവരിയില്‍ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ചാര്‍ജെടുക്കുമ്പോള്‍ ജാര്‍ഖണ്ഡ് സ്വദേശിയും 2010 ഐ.എഫ്.എസ് ബാച്ചുകാരനുമായ മുഹമ്മദ് ഷാഹിദ് ആലമിന്റെ മുമ്പില്‍ നിരവധി വെല്ലുവിളികളാണുണ്ടായിരുന്നത്. നേരത്തെ ജിദ്ദയില്‍ ഹജ് കോണ്‍സലായും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായും പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് നല്ല പോലെയുണ്ടെങ്കിലും കോവിഡ് പകര്‍ച്ചവ്യാധിയില്‍ നീറുന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്, വിസ, തര്‍ഹീല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളുടെ പരിഹാരം വലിയൊരു പ്രതിസന്ധിയായി മുന്നിലുയര്‍ന്നു.
സാമൂഹിക അകലത്തിന്റെ അനിവാര്യമായ അന്തരീക്ഷത്തില്‍ ഹജ് -ഉംറ നിര്‍വഹണത്തിന്റെ പരിമിതികളും കോവിഡ് പ്രതിരോധത്തിനായി ഇന്ത്യക്കാരെ ബോധവല്‍ക്കരിക്കുന്നതിലെ ജാഗ്രതയുമെല്ലാം വെല്ലുവിളിയായി മാറി.
സൗദിയുടെ പശ്ചിമപ്രവിശ്യയിലെ ഇന്ത്യക്കാരുടെ ക്ഷേമകാര്യങ്ങളിലും ആരോഗ്യസംരക്ഷണത്തോടൊപ്പം അവരുടെ രേഖകളുടെ ക്രമീകരണം തുടങ്ങിയ പ്രശ്‌നങ്ങളിലും ആവശ്യമായ നടപടികള്‍ യഥാസമയം കൈക്കൊള്ളുന്നതിന് കോണ്‍സുലേറ്റ് അക്ഷീണം യത്‌നിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന നേട്ടങ്ങളെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദ മലയാളം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവകാശപ്പെട്ടു.
പാസ്‌പോര്‍ട്ട്, വിസാ ക്രമീകരണങ്ങള്‍ക്കായി വി.എഫ്.എസിന്റെ (വിസാ ഫെസിലിറ്റേഷന്‍ സര്‍വീസ്) പൂര്‍ണമായ സേവനം ഉപയോഗപ്പെടുത്തുക വഴി നടപടികള്‍ ഉദാരമാക്കാനും വേഗത്തിലാക്കാനും സാധിച്ചു. മക്കയിലും മദീനയിലും ഒപ്പം പല ഉള്‍നാടന്‍ നഗരങ്ങളിലും കോണ്‍സുലര്‍ സേവനം വ്യാപിപ്പിക്കാനും കഴിഞ്ഞു. ‘കോണ്‍സുലേറ്റ് ഓണ്‍ ദ വീല്‍സ് ‘ എന്ന പേരില്‍ കോണ്‍സുലര്‍ സേവനം ആവശ്യമുള്ള ഇന്ത്യക്കാര്‍ക്കിടയിലേക്ക് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഇറങ്ങിച്ചെല്ലുന്ന പരിപാടിയും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സി.ജി പറഞ്ഞു.
വിദൂരസ്ഥലങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനം ചെയ്തത്. സി.ജി.ഐ ജിദ്ദ ആപ് വഴിയും വീഡിയോ കോള്‍, സൂം മീറ്റിംഗ് വഴിയും തങ്ങളുടെ പ്രശ്‌നങ്ങള്‍ കോണ്‍സുലേറ്റധികൃതരെ യഥാസമയം അറിയിക്കാനുള്ള സംവിധാനവും നിലവില്‍ വന്നു. ഓപ്പണ്‍ഹൗസുകള്‍ പലര്‍ക്കും പ്രയോജനപ്പെടുത്താനായി. പ്രാദേശിക സ്റ്റാഫിന്റെ കൂടെ സഹകരണത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുകയായിരുന്നുവെന്നും കോണ്‍സല്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായി മുമ്പന്നെത്തെക്കാളും സുദൃഢമായ സാംസ്‌കാരിക – വാണിജ്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ സൗദി അറേബ്യയുടെ മനസ്സില്‍ ഇടം നേടിയ ഇന്ത്യയും സൗദിയിലെ ഇന്ത്യന്‍ ജനതയും പകരം സ്‌നേഹാദരവുകളോടെയാണ് ഈ ആതിഥേയ രാജ്യത്തെ നോക്കിക്കാണുന്നുവെന്നതിന്റെ തെളിവായിരുന്നു നിരവധി കലാകാരന്മാരും കലാകാരികളും പങ്കെടുത്ത ആസാദി കെ അമൃത് മഹോല്‍സം, റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യന്‍ സിനിമകളുടേയും ഇന്ത്യന്‍ നടീനടന്മാരുടേയും പങ്കാളിത്തം. സൗദി കലാകാരന്മാരുടെ ഇന്ത്യാ സന്ദര്‍ശനവും ഡല്‍ഹിയിലുള്‍പ്പെടെ അവര്‍ നടത്തിയ അറബ് പൈതൃക നൃത്ത സംഗീതപരിപാടികളുടെ വന്‍സ്വീകാര്യതയുമെല്ലാം പരമ്പരാഗതമായി ഇരു രാജ്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുപോന്ന സാംസ്‌കാരിക വിനിമയത്തിന് തെളിവായി.
വ്യവസായ-വാണിജ്യ മേഖലകളിലെ ഉഭയകക്ഷി ബന്ധമാകട്ടെ, റെക്കാര്‍ഡ് വര്‍ധനയിലേക്ക് കുതിച്ചതും ഈ കാലയളവിലാണ്. വന്‍കിട ഇന്ത്യന്‍ കമ്പനികളുടെ സൗദി പ്രവേശവും എം.ഒ.യു കൈമാറ്റവും ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരായ ആയിരങ്ങളെ സൗദി അറേബ്യ ഏറ്റുവാങഅങിയതുമെല്ലാം അഭിമാനപൂര്‍വം നോക്കിക്കാണാനും പല പരിപാടികള്‍ക്കൊപ്പം നില്‍ക്കാനും സൗദി വ്യവസായികള്‍ക്കൊപ്പം ആശയങ്ങള്‍ പങ്കിടാനും തനിക്ക് ഈ കാലയളവില്‍ സാധിച്ചതായി സി.ജി വ്യക്തമാക്കി.
തര്‍ഹീലിലും ( ഡീപോര്‍ട്ടേഷന്‍ കേന്ദ്രം), ജയിലിലും കഴിയുന്ന ഇന്ത്യക്കാരെ സന്ദര്‍ശിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനുമുള്ള സംവിധാനം കൂടുതല്‍ സൗകര്യപ്രദമാക്കി. പന്ത്രണ്ടോളം ജയിലുകളില്‍ ചെറുതും വലുതുമായ കുറ്റങ്ങള്‍ക്കായി തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ കോണ്‍സുലേറ്റുദ്യോഗസ്ഥര്‍ യഥാസമയങ്ങളില്‍ സന്ദര്‍ശിക്കുകയും കുറ്റവിമോചിതരായവരും ഹുറൂബാക്കിയവരും, തിരികെപ്പോകാന്‍ അര്‍ഹതയുള്ളവരുമായ നിരവധിപേരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ സൗദി അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്താനും അനുകൂല തീരുമാനമുണ്ടാക്കാനും കഴിഞ്ഞു.

എക്‌സിറ്റ് ലഭിച്ചിട്ടും ആറും ഏഴും മാസമായി കയറിപ്പോകാനാകാത്തവരെ കണ്ടെത്തി ഒരു മാസമോ രണ്ടു മാസമോ വരുന്ന കാലാവധിക്കുള്ളില്‍ മടക്കി അയക്കാനും സംവിധാനമായി. ഇക്കാര്യത്തില്‍ സൗദി ഉദ്യോഗസ്ഥര്‍ വലിയ സേവനമാണ് ചെയ്ത് തരുന്നതെന്നും സി.ജി ദ മലയാളം ന്യൂസിനോട് പറഞ്ഞു. കോണ്‍സുലേറ്റിന്റെ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ഇതിനകം അഞ്ചുകോടി രൂപ അര്‍ഹരായവര്‍ക്ക് വീതിച്ചു നല്‍കി. ഏറ്റവും അനുഭവ സമ്പന്നമായ മൂന്നു വര്‍ഷമാണ് കടന്നുപോയതെന്നും ഒരു നയതന്ത്രോദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ ഏറെ സംതൃപ്തിയും ചാരിതാര്‍ഥ്യവും അനുഭവിച്ച കാലഘട്ടമാണിതെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
ന്യൂദല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്ന് ജ്യോഗ്രഫിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ മുഹമ്മദ് ഷാഹിദ് ആലം ഐ.എഫ്.എസ് നേടിയ ശേഷം കേന്ദ്ര വിദേശകാര്യവകുപ്പിലെ ഗള്‍ഫ് ഡിവിഷന്റെ ചുമതലക്കാരനായാണ് സേവനമാരംഭിച്ചത്. തുടര്‍ന്ന് ജിദ്ദയില്‍ ഹജ് കോണ്‍സലായി വന്നു. അക്കാലത്താണ് മിനായിലെ തമ്പുകളുടെ തീപ്പിടിത്തവും മക്കയിലെ ക്രെയിന്‍ ദുരന്തവും സംഭവിച്ചതെന്ന് അദ്ദേഹം നടുക്കത്തോടെ ഓര്‍ക്കുന്നു. അബുദാബി ഇന്ത്യന്‍ എംബസിയിലെ തേര്‍ഡ് സെക്രട്ടറിയായും കയ്‌റോയിലെ ഇന്ത്യന്‍ എംബസിയില്‍ ലാംഗ്വേജ് ട്രെയിനി വിഭാഗം കോണ്‍സലായും പ്രവര്‍ത്തിച്ച ശേഷമാണ് ജിദ്ദയില്‍ കോണ്‍സല്‍ ജനറലായത്. പ്രമോഷനോടെ, ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റിലെ കോണ്‍സലായി ഇനി സേവനം തുടരും. ക്രിക്കറ്റിലും സ്‌കൂബാ ഡൈവിംഗിലും വിദഗ്ധനായ സി.ജി മികച്ച വായനക്കാരനാണ്. മെഡിസിന്‍ ബിരുദധാരിണിയും മേഘാലയ സ്വദേശിയുമായ ഡോ. ഷക്കീലാ ഖാത്തൂനാണ് മുഹമ്മദ് ഷാഹിദ് ആലമിന്റെ ജീവിതപങ്കാളി.
ആദ്യ ഇന്ത്യന്‍ ഹജ് വിമാനം മെയ് ഒമ്പതിന് ഹൈദരബാദില്‍ നിന്ന്
ഇന്ത്യയില്‍ നിന്നുള്ള ആദ്യഹജ് സംഘത്തേയും വഹിച്ചുള്ള വിമാനം ഹൈദരബാദില്‍ നിന്ന് മേയ് ഒമ്പതിന് മദീനയിലിറങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇത്തവണ മൊത്തം 1,75,025 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നെത്തുന്നത്. കേന്ദ്ര ഹജ് കമ്മിറ്റി വഴി 1,40,020 പേരും സ്വകാര്യ ഹജ് ഗ്രൂപ്പുകളും ട്രാവല്‍ കമ്പനികളും മുഖേന 35,005 പേരുമാണ് എത്തുന്നത്. ഇവര്‍ക്കാവശ്യമായ 450 കെട്ടിടങ്ങള്‍ മക്കയില്‍ സജ്ജീകരിച്ചു കഴിഞ്ഞു. മുപ്പതോളം പാര്‍പ്പിടങ്ങളേ ഇനി കണ്ടെത്താനുള്ളൂ. ഇന്ത്യയില്‍ നിന്നുള്ള കേന്ദ്ര ഹജ് കമ്മിറ്റിയുടെ ബില്‍ഡിംഗ് സെലക്ഷ്ന്‍ ടീമംഗങ്ങള്‍ ഇപ്പോല്‍ മക്കയിലുണ്ട്. വിവിധ എയര്‍പോര്‍ട്ടുകള്‍ വഴിയെത്തുന്ന മൊത്തം ഇന്ത്യന്‍ ഹാജിമാരില്‍ പാതിയോളം പേര്‍ മദീനയിലിറങ്ങുന്നതും ഹജ് കര്‍മത്തിനു ശേഷം ജിദ്ദയില്‍ നിന്ന് മടങ്ങുകയും ചെയ്യും. ബാക്കിയുള്ളവര്‍ ദുല്‍ഖഅദ് അവസാനം ജിദ്ദയിലിറങ്ങുന്നതും ഹജിനു ശഷം മദീനാ സന്ദര്‍ശനം കഴിഞ്ഞ് അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന തരത്തിലാണ് യാത്രാക്രമങ്ങളുടെ സജ്ജീകരണം. സീസണിലെ അവസാന ഹജ് വിമാനം ജൂണ്‍ 21 നാണ് ഇന്ത്യയിലേക്ക് മടങ്ങുകയെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.