ജിദ്ദ – ഒക്‌ക്ടെയ്ന്‍-98 ഇനത്തില്‍ പെട്ട പുതിയ പെട്രോള്‍ ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ പ്രാദേശിക വിപണിയിലിറക്കി. ഒരു ലിറ്റര്‍ ഒക്‌ക്ടെയ്ന്‍-98 പെട്രോളിന് 2.88 റിയാലാണ് വില നിശ്ചയിച്ചിരിക്കുന്നത്. പുതിയ പെട്രോളിന് നീല നിറമാണ്. ഈ മാസത്തെ വിലകള്‍ അനുസരിച്ച് ഒക്‌ക്ടെയ്ന്‍-91 ഇനത്തില്‍ പെട്ട പച്ച നിറത്തിലുള്ള പെട്രോളിന് ലിറ്റിന് 2.18 റിയാലും ഒക്‌ക്ടെയ്ന്‍-95 ഇനത്തില്‍ പെട്ട ചുവപ്പ് നിറത്തിലുള്ള പെട്രോളിന് ലിറ്ററിന് 2.33 റിയാലും മഞ്ഞ നിറത്തിലുള്ള ഡീസലിന് ലിറ്ററിന് 1.79 റിയാലും ഇളം പച്ച നിറത്തിലുള്ള മണ്ണെണ്ണക്ക് ലിറ്ററിന് 1.59 റിയാലുമാണ് നിരക്കുകള്‍.
ഈ പുതിയ ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് വിശാലമായ ഇന്ധന ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുകയും വിപണിയിലുള്ള നിലവിലുള്ള ഉല്‍പ്പന്നങ്ങളെയൊന്നും ബാധിക്കാതെ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുന്നു. റിയാദ്, ജിദ്ദ, ദമാം മെട്രോപൊളിറ്റന്‍ പ്രദേശം, അവക്കിടയിലുള്ള കണക്ഷന്‍ റോഡുകള്‍ എന്നിവിടങ്ങളിലാണ് ഉല്‍പ്പന്നം ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. കാരണം ഇത്തരത്തിലുള്ള ഇന്ധനം ആവശ്യമുള്ള മിക്ക വാഹനങ്ങളും ഈ നഗരങ്ങളിലാണുള്ളത്.
ഒക്ടെയ്ന്‍-98 ഗ്യാസോലിന്റെ ഉപയോഗം വളരെ പരിമിതമാണ്. ഇത് ഉയര്‍ന്ന പ്രകടനമുള്ള വാഹനങ്ങള്‍ക്കായി മാത്രം ഉദ്ദേശിച്ചിട്ടുള്ളതുമാണ്. ഇത്തരം വാഹനങ്ങള്‍ രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 0.5 ശതമാനത്തില്‍ താഴെയാണ്. കൂടുതല്‍ ഇന്ധനക്ഷമതയുള്ള, മിഡ്-റേഞ്ച് എന്‍ജിനുകളുള്ള വാഹനങ്ങളില്‍ ഒക്ടെയ്ന്‍-98 പെട്രോള്‍ ഉപയോഗിക്കുന്നതിന് അധിക നേട്ടമോ പ്രയോജനമോ ഇല്ല.
ഉയര്‍ന്ന പ്രകടനമുള്ള വാഹനങ്ങളുടെ സാന്ദ്രത അടിസ്ഥാനമാക്കിയാണ് ഒക്‌ക്ടെയ്ന്‍-98 പെട്രോള്‍ പുറത്തിറക്കുന്ന പ്രധാന നഗരങ്ങളെ തെരഞ്ഞെടുത്തത്. പുതിയ ഇനം പെട്രോള്‍ അവതരിപ്പിക്കുന്നത് ഒക്‌ക്ടെയ്ന്‍-91, ഒക്‌ക്ടെയ്ന്‍-95 ഇനങ്ങളില്‍ പെട്ട പെട്രോളിന്റെ ലഭ്യതയെ ബാധിക്കില്ല. എല്ലായിനം ഇന്ധന ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്നതായും സൗദി അറാംകൊ പറഞ്ഞു.



