ജിദ്ദ – സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2025-ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ആർ.ടി അറബിക് ചാനൽ നടത്തിയ ജനകീയ സർവേയിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. തുടർച്ചയായ അഞ്ചാം വർഷമാണ് മുഹമ്മദ് ബിൻ സൽമാൻ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.
ഡിസംബർ 22 മുതൽ ജനുവരി 9 വരെ നീണ്ടുനിന്ന വോട്ടെടുപ്പിൽ അഞ്ചര ലക്ഷത്തിനടുത്ത് ആളുകൾ പങ്കെടുത്തു. ഇതിൽ 68.88 ശതമാനം വോട്ടുകളും സൗദി കിരീടാവകാശിക്കാണ് ലഭിച്ചത്. സർവേയിൽ പങ്കെടുത്ത മൂന്ന് ലക്ഷത്തി എഴുപതിനായിരത്തിലധികം പേർ അദ്ദേഹത്തെ പിന്തുണച്ചു. ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവാണ് രണ്ടാം സ്ഥാനത്തുള്ളത്. സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽശറഅ് മൂന്നാം സ്ഥാനത്തെത്തി.
മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ, ഹൂത്തി നേതാവ് അബ്ദുൽ മലിക് അൽഹൂത്തി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി എന്നിവരാണ് പട്ടികയിൽ പിന്നാലെയുള്ളവർ. അറബ് ലോകത്തും അന്താരാഷ്ട്ര തലത്തിലും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വളരുന്ന സ്വാധീനമാണ് ഈ ഫലം സൂചിപ്പിക്കുന്നത്.



